ആലുവ: എട്ട് മാസത്തെ ഇടവേളയ്ക്കുശേഷം ആലുവ ജില്ലാ ആശുപത്രിയിൽ പ്രസവവാർഡ് തുറക്കുന്നു. ലേബർ വാർഡ് പുതിയ
മാതൃശിശു സംരക്ഷണബ്ലോക്കായി നവീകരിക്കുന്നത് നീണ്ടുപോകുന്നതിനാൽ കൊവിഡ് ബ്ലോക്ക് കേന്ദ്രത്തിലാണ് ലേബർ റൂം താത്കാലികമായി പ്രവർത്തനം ആരംഭിക്കുന്നത്.

വളരെ പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം ഇത്രയുംനാൾ ഇല്ലാതാക്കിയ ആരോഗ്യവകുപ്പിൻെറ നടപടിക്കെതിരെ രോഗികൾ പലപ്പോഴും ആശുപത്രിയിലെത്തി പ്രതിഷേധിക്കാറുണ്ട്. ചില ഡോക്ടർമാർ മനംമടുത്ത് സ്ഥലംമാറ്റത്തിനായും ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് നവീകരണത്തിന് കാത്തുനിൽക്കാതെ കൊവിഡ് ബ്ലോക്കിനെ ലേബർ ബ്ലോക്ക് കെട്ടിടമായി മാറ്റുന്നത്.

കഴിഞ്ഞ ജൂലായ് 31നാണ് ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിതരല്ലാത്ത ഗർഭിണികളുടെ പ്രവേശനം താത്കാലികമായി നിറുത്തിയത്. തൊട്ടടുത്തായി സജ്ജമാക്കിയ കൊവിഡ് ബ്ലോക്കിൽ കൊവിഡ് ബാധിതരായ ഗർഭിണികൾക്ക് ചികിത്സാസൗകര്യം തയ്യാറാക്കി. കൊവിഡ് കേസുകൾ കുറഞ്ഞതോടെ കഴിഞ്ഞ മാർച്ച് 31ന് കോവിഡ് ബ്ലോക്ക് നിറുത്തിയതാണ് ലേബർറൂം സേവനം എല്ലാവർക്കുമായി പുനരാരംഭിക്കാൻ ജില്ലാ പഞ്ചായത്തിനെ പ്രേരിപ്പിച്ചത്.

ഇന്നലെ അണുവിമുക്തി പ്രവർത്തനങ്ങൾ പൂർത്തിയായി. കൊവിഡ്‌ ബ്ലോക്കിലെ മുകൾനിലയിൽ കൊവിഡ് രോഗികളായ ഗർഭിണികൾക്ക് വേണ്ടി ലേബർ റൂം, പ്രസവവാർഡ് എന്നിവ സജ്ജമാക്കിയിരുന്നു. ഈ സംവിധാനം ഇനിമുതൽ കോവിഡ് രോഗികളല്ലാത്ത ഗർഭിണികളുടെ പ്രസവമുറിയും പ്രസവവാർഡുമായി പ്രവർത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.

ജില്ലാ ആശുപത്രിയിൽ ലേബർറൂം നവീകരണത്തിനായി 197 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്. കരാറുകാരൻ നിർമ്മാണം ഇടയ്ക്ക് നിർത്തുകയും ചില ഭാഗങ്ങൾ പൊളിച്ചുകളഞ്ഞ് വീണ്ടും പണിയുകയും ചെയ്യുകയാണ്. അതിനാൽ
മാതൃശിശു സംരക്ഷണ ബ്ലോക്ക് നവീകരണത്തിന് ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന സൂചന.