photo

വൈപ്പിൻ: തീരദേശ ജനതയുടെ ആശ്രയമായ മുനമ്പം ആശുപത്രിയെ മികച്ച കുടുംബാരോഗ്യകേന്ദ്രമാക്കുമെന്ന് കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസനസമിതി യോഗവും ലോകാരോഗ്യ ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടുതൽ ഡോക്ടർ തസ്തിക സൃഷ്ടിച്ച് വൈകുന്നേരങ്ങളിൽ സേവനം വ്യാപിപ്പിക്കും. പുതിയ കെട്ടിടം നിർമ്മിച്ച് കിടത്തിചികിത്സ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. പഴയ ബ്ലോക്ക് നവീകരിച്ച് ഉപയോഗപ്രദമാക്കും. ആധുനികസൗകര്യങ്ങൾക്കായി സി.എസ്.ആർ. ഫണ്ടിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും.
ക്ലാർക്ക്, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കാൻ ഇടപെടുമെന്നും എം.എൽ.എ വ്യക്തമാക്കി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, മെഡിക്കൽ ഓഫീസർ ഡോ.കെ.ബി. ഷിനിൽ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇ. കെ. ജയൻ, സുബോധ ഷാജി, ജിജി വിൻസന്റ്, ബ്ലോക്ക് പഞ്ചായത്ത്
അംഗം ഷെന്നി ഫ്രാൻസിസ്, ഗ്രാമപഞ്ചായത്തംഗം പോൾസൺ മാളിയേക്കൽ, കെ.കെ. വേലായുധൻ, എ.എസ്. അരുണ, ഒ.കെ. ബാലകൃഷ്ണൻ, ഒ.ജെ. ആന്റണി തുടങ്ങിയവർ സംസാരിച്ചു.