1

• അഞ്ച് വാർഡുകളി​ലെ കിണറുകൾ ഉപയോഗശൂന്യമായി

• ദി​നവും ഒഴുക്കുന്നത് 12 ലക്ഷം ലി​റ്റർ വി​ഷജലം

• മത്സ്യ,റബർ, ലിനൻ ക്ലോത്ത് സംസ്‌കരണ ശാലകൾ മാലി​ന്യം പുറത്തേക്ക് വി​ടുന്നു

തൃക്കാക്കര: പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസ്) നിന്ന് രാസവിഷമാലിന്യം കാളച്ചാൽ തോട്ടിലേക്ക് ഒഴുക്കി​യതായി​ സംശയം. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ തുതിയൂർ ബണ്ടിന് സമീപം രൂക്ഷമായ ദുർഗന്ധത്തോടെ വെള്ളം പതഞ്ഞു പൊങ്ങുകയായിരുന്നു. പായലുകൾ കരിഞ്ഞ നിലയിൽ കാണപ്പെട്ടു.
തൃക്കാക്കര നഗരസഭയിലെ 19, 20, 21, 22, 24 തുടങ്ങിയ വാർഡുകളിലൂടെയാണ് കാളച്ചാൽ തോട് കടന്നുപോകുന്നത്.
വർഷങ്ങൾക്കായി പ്രത്യേക സാമ്പത്തിക മേഖല (സെസ്), സമീപത്തെ ഫ്‌ളാറ്റുകൾ എന്നിവിടങ്ങളിലെ മലിനജലം കാളച്ചാൽ തോട്ടിലേക്കാണ് ഒഴുക്കുന്നത്. ഇതിനെതിരെ പ്രദേശവാസികൾ നിരവധിവട്ടം പരാതി നൽകിയെങ്കിലും അധികൃതർ അനങ്ങിയില്ല.
കിണറുകളിൽ ഉറവയായി എത്തുന്നത് വിഷമാലിന്യമാണ്. സെസി​ൽ നിന്ന് രാസവിഷമാലിന്യം ഒഴുക്കിയിട്ടും നടപടിയില്ല. ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് സംസ്‌കരിക്കാത്ത മലിനജലം തോടുകളിലേക്ക് തുറന്നു വിടുന്നതുമൂലം തുതിയൂർ നിവാസികളുടെ ജീവിതം പ്രതിസന്ധിയിലാണ്. കിണർവെള്ളം കക്കൂസിൽ പോലും ഉപയോഗിക്കരുതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. തോട് പുഴയിലേക്ക് ഒഴുകിയെത്തുന്ന ഒന്നര - രണ്ട് കിലോമീറ്റർ പ്രദേശത്തെ കിണറുകളും കൃഷിയിടങ്ങളും ഉപയോഗശൂന്യമായി. മാലിന്യം പരിസരത്തെ തരിശായികിടക്കുന്ന കൃഷിയിടങ്ങളിലേക്കാണ് പരക്കുന്നത്. മത്സ്യ,റബർ, ലിനൻ ക്ലോത്ത് സംസ്‌കരണ യൂണിറ്റുകൾ ഉൾപ്പെടെ മേഖലക്കകത്തെ നൂറോളം വ്യവസായ യൂണിറ്റുകളിൽ നിന്നാണ് മാലിന്യം പുറന്തള്ളുന്നത്.

കൗൺസിലർമാരായ എം.കെ.ചന്ദ്രബാബു, രാധാമണി പിള്ള, എൻ.ഡി.എ നേതാവ് എം.എൻ.ഗിരി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.


രാസവിഷമാലിന്യം ഒഴുക്കുന്നത് അവസാനിപ്പിക്കണം
രാസവിഷമാലിന്യം ഒഴുക്കുന്നത് മൂലം ജനങ്ങൾ ബുദ്ധിമുട്ടിലാണ്. പ്രത്യേക സാമ്പത്തിക മേഖലയിൽ നിരവധി പരാതികൾ നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായിട്ടില്ല. ഇനിയും ഈ നിലത്തുടർന്നാൽ ശക്തമായ സമരം നടത്തും

എം.കെ. ചന്ദ്രബാബു,​
കൗൺസിലർ,​

തൃക്കാക്കര നഗരസഭ

കിണറുകൾ ഉപയോഗശൂന്യമായി

വ്യവസായമേഖലയിൽ നിന്ന് രാസമാലിന്യങ്ങൾ ഒഴുക്കുന്നതുമൂലം അഞ്ചുവാർഡുകളിലെ കിണറുകൾ ഉപയോഗശൂന്യമായി. ദിവസേന 12 ലക്ഷം ലിറ്റർ മലിനജലമാണ് പുറന്തള്ളുന്നത്. ഇതിനെതിരെ നടപടി എടുക്കണം.

രാധാമണിപിള്ള,​
കൗൺസിലർ,​

തൃക്കാക്കര നഗരസഭ