logo

കോലഞ്ചേരി: കുന്നത്തുനാട് പ്രീമിയർ ലീഗിന് നാളെ കിക്കോഫ്. വൈകിട്ട് 5.30ന് ചലച്ചിത്രതാരം ആന്റണി വർഗീസ് വലമ്പൂർ ബിഗ് സോക്കർ ടർഫിൽ കിക്കോഫ് നിർവഹിക്കും.

ഐ.പി.എൽ മാതൃകയിലാണ് കുന്നത്തുനാട് പ്രീമിയർ ലീഗ് (കെ.പി.എൽ) മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കിഴക്കമ്പലം സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, എക്കോ ചേലക്കുളം ഗ്രൗണ്ട്, വടവുകോട്, പുത്തൻകുരിശ് പഞ്ചായത്ത് ഗ്രൗണ്ടുകളിലാണ് ഒന്നരമാസം നീളുന്ന ലീഗ്. കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ 12 ടീമുകൾ പങ്കെടുക്കും. രജിസ്​റ്റർ ചെയ്ത 400ലേറെ താരങ്ങളിൽ നിന്നാണ് 170 പേരെ വിവിധ ടീം മാനേജർമാർ ലേലത്തിൽ ഏ​റ്റെടുത്തത്.

ബൈചുംഗ് ബൂട്ടിയയുടെ കീഴിൽ പരിശീലിക്കുന്നവരും പ്രൊഫഷണൽ മത്സരങ്ങളിൽ പങ്കെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഓരോ ടീമിനും ജേഴ്‌സിയും ബനിയനുമുൾപ്പെടെ ഔദ്യോഗിക സംവിധാനങ്ങളോടെയാണ് മത്സരം. ഹോം മാച്ചുകളിൽ നിന്ന് ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിൽ സെമി, ഫൈനൽ മത്സരങ്ങൾ നടക്കും. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, കുന്നത്തുനാട് പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം, മുൻ ബ്ളോക്ക് പഞ്ചായത്ത് അംഗം ബാബു സെയ്താലി, ചലച്ചിത്ര നിർമ്മാതാവ് ഡോ.പോൾ വർഗീസ് മേച്ചെങ്കിര, അരുൺ വാസു, പോൾ സെബാസ്റ്റ്യൻ, ബാബു പി. ഗോപാൽ, ബിജു മഠത്തിപറമ്പിൽ, സാലി നാത്തേക്കാട്ട്, ലിന്റോ മാത്യു, പ്രവീൺ, സോജി ഞാറള്ളൂർ, അജയ് കുമാർ തുടങ്ങിയർ സംബന്ധിക്കും. അഗാപ്പെ ഡയഗ്‌നോസ്​റ്റിക് ലിമി​റ്റഡ് കമ്പനിയാണ് മത്സരങ്ങളുടെ പ്രധാന സ്‌പോൺസർ.