cenima

മുവാറ്റുപുഴ: ദേശീയ ഹ്രസ്വ ഡോക്യുമെന്ററി ചലച്ചിത്രമേള 'സൈൻസ് 2022"ന് കൊടിയിറങ്ങി. സൃഷ്ടി ലഖേര സംവിധാനം ചെയ്ത 'ഏക്താ ഗാവ്" മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. അകാൻഷ്യ ഭഗബതി സംവിധാനം ചെയ്ത കുമുവും അരുൺ ഫുലാറയുടെ മഴയ് ആയ്ച്ചി ഗേൾഫ്രണ്ടും മികച്ച ഹ്രസ്വചിത്രത്തിനുള്ള ജോൺ എബ്രഹാം പുരസ്കാരം പങ്കിട്ടു.

മികച്ച പരീക്ഷണ ചിത്രത്തിനുള്ള സിനിമ എക്‌സ്‌പിരിമെന്റെ പുരസ്കാരം പ്രാന്തിക് ബസുവിന്റെ ബേലയും സിനിമ ഒഫ് റെസിസ്റ്റൻസ് പുരസ്കാരം അജയ് ബ്രാറിന്റെ ദ ഹിഡൻ വാറും നേടി. രാമദാസ് കടവല്ലൂരിന്റെ മണ്ണ് മികച്ച മലയാള ഡോക്യുമെന്ററിയ്ക്കും നിതിൻ ജോണിന്റെ കാലാൾ മലയാള ഹ്രസ്വചിത്രത്തിനുമുള്ള പുരസ്കാരം നേടി.

കാലാൾ (നിതിൻ ജോൺ), ഹൃദയ് ബൊസോത് (സംഘജിത് ബിശ്വാസ്), ടാംഘ് (ബാനി സിംഗ്), ടെസ്റ്റിമണി ഒഫ് അന (സച്ചിൻ ധീരജ് മുഡിഗൊണ്ട) എന്നീ ചിത്രങ്ങൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. ജൂറി അംഗമായ സുനന്ദ ഭട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുഖ്യാതിഥിയായ ഡോക്യുമെന്ററി സംവിധായകൻ ആർ.പി. അമുതൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഫെഡറഷൻ ഒഫ് ഫിലിം സൊസൈറ്റി ഒഫ് ഇന്ത്യ ദേശീയ ഉപാദ്ധ്യക്ഷൻ പ്രേമേന്ദ്ര മജൂംദാർ അദ്ധ്യക്ഷനായി.

ജൂറി അംഗമായ മണിലാൽ ചിത്രങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ നടത്തി. ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ ഡോ.സി.എസ്. വെങ്കിടേശ്വരൻ ഫെസ്റ്റിവൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാഡമി ജനറൽ കൗൺസിൽ മെമ്പർ എൻ.അരുൺ സംസാരിച്ചു . ഇ.വി.എം ലത തിയേറ്റർ മാനേജിംഗ് ഡയറക്ടർ ജെയിംസ് മാത്യുവിനെ പ്രേമേന്ദ്ര മജൂംദാർ പൊന്നാട അണിയിച്ച് ആദരിച്ചു. മേളയുടെ എക്സിക്യുട്ടീവ് ഡയറക്ടർ രജി എം. ദാമോദരൻ സ്വാഗതവും മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റും ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ യു.ആർ ബാബു നന്ദിയും പറഞ്ഞു.