kerala-high-court

കൊച്ചി: ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞെങ്കിലും അംഗമായി കെ.വി. മോഹനകൃഷ്‌ണന് തുടരാമെന്ന് ഹൈക്കോടതി. കാലാവധി കഴിഞ്ഞിട്ടും മോഹനകൃഷ്‌ണൻ കമ്മിറ്റി അംഗമായി തുടരുന്നത് ചോദ്യംചെയ്ത് ഗുരുവായൂർ ദേവസ്വം എംപ്ളോയീസ് അസോസിയേഷൻ പ്രസിഡന്റ് സി.വി. വിജയൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് വിധി പറഞ്ഞത്.

മാനേജിംഗ് കമ്മിറ്റിയിലേക്ക് സർക്കാരിന് നോമിനേറ്റ് ചെയ്യാവുന്ന അഞ്ച് അംഗങ്ങളിൽ നാലുപേരെ 2020 ജനുവരി 23ന് നോമിനേറ്റ് ചെയ്തിരുന്നു. രണ്ടുവർഷമാണ് കമ്മിറ്റിയുടെ കാലാവധി. അഞ്ചാമത്തെ അംഗമായി മോഹനകൃഷ്‌ണനെ 2020 നവംബർ ആറിനാണ് നോമിനേറ്റ് ചെയ്തത്. കമ്മിറ്റിയുടെ കാലാവധി 2022 ജനുവരി 23ന് കഴിഞ്ഞതിനാൽ വൈകി നിയമനംലഭിച്ച മോഹനകൃഷ്‌ണന്റെ നിയമനകാലാവധിയും കഴിഞ്ഞെന്നാണ് ഹർജിക്കാരൻ വാദിച്ചത്. ഈ വാദം ഡിവിഷൻബെഞ്ച് തള്ളി. കമ്മിറ്റിയുടെ കാലാവധിയല്ല, അംഗത്തിന്റെ കാലാവധിയാണ് ഈ കാര്യത്തിൽ പരിഗണിക്കേണ്ടതെന്ന സർക്കാരിന്റെയും ഗുരുവായൂർ ദേവസ്വത്തിന്റെയും വാദം ശരിവച്ചു. സർക്കാർ നോമിനേറ്റ് ചെയ്തതുമുതൽ രണ്ടുവർഷത്തേക്കാണ് അംഗത്തിന്റെ കാലാവധി. ഇതനുസരിച്ച് അടുത്ത നവംബർ ആറുവരെ മോഹനകൃഷ്‌ണന് തുടരാനാവും.