കൊച്ചി: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആചാരങ്ങൾ പരിഷ്കരിക്കാൻ യോഗംവിളിക്കാനുള്ള ദേവസ്വം മന്ത്രിയുടെ നീക്കത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, സെക്രട്ടറി വി.എസ്.രാജശേഖരൻ എന്നിവർ അറിയിച്ചു. ഹിന്ദുമതം അനാദികാലമായി തുടരുന്ന ആചാരാനുഷ്ഠാനങ്ങളെ കരിവാരിതേയ്ക്കാനുള്ള ശ്രമങ്ങളാണിത്. ആചാരങ്ങൾ പരിഷ്കരിക്കാൻ ദേവസ്വം മന്ത്രിക്ക് ഒരു അധികാരവുമില്ല.

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ കാൽകഴുകിച്ചൂട്ട് തെറ്റല്ലെന്ന ഹൈക്കോടതി വിധി അംഗീകരിക്കുന്നതിന് പകരം അതിനെതിരെ രംഗത്ത് വരുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇവർ അറിയിച്ചു. ദേവസ്വം ക്ഷേത്രങ്ങളിലെ അപരിഷ്കൃതമായ ആചാരങ്ങൾക്കും ജാതി വിവേചനങ്ങൾക്കുമെതിരെ ഭക്തരുടെയും ജീവനക്കാരുടെയും നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് ഇക്കാര്യം ചർച്ചചെയ്യാനും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനും ജാതിഭേദമെന്യേ തന്ത്രിമാരുടെയും മറ്റു ബന്ധപ്പെട്ട സംഘടനകളുടെയും യോഗം വിളിക്കാൻ ദേവസ്വം വകുപ്പ് തീരുമാനിച്ചതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.