
കളമശേരി: കൊവിഡ് വ്യാപനത്തിന്റെ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വാർദ്ധക്യ അവശതകൾ വിസ്മരിച്ച് യുവത്വത്തിന്റെ പ്രസരിപ്പോടെ ഫാക്ട് ഉദ്യോഗമണ്ഡൽ സ്കൂളിലെ പൂർവ അദ്ധ്യാപകരും അനദ്ധ്യാപകരും വീണ്ടും ഒത്തുചേർന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷത്തിനാണ് സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്.
2008 ൽ അദ്ധ്യാപകനും ജ്യോതിഷിയുമായിരുന്ന രാജരാജവർമ്മ ഭദ്രദീപം തെളിച്ച് തുടങ്ങിയ കൂട്ടായ്മയാണ്. എല്ലാ വർഷവും ഒരു ഒത്തു ചേരൽ പതിവായിരുന്നു. ഉച്ചയ്ക്ക് സദ്യ ഉണ്ട് പിരിയും. കൂട്ടത്തിലുള്ള ആരെങ്കിലും ഒരാളായിരിക്കും സ്പോൺസർ. ചടങ്ങിൽ ഓരോ വർഷവും 70 ഉം 80 ഉം വയസു തികയുന്നവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നവരെയും പൊന്നാട ചാർത്തി ആദരിക്കും. എല്ലാവരും മുടങ്ങാതെ സംഗമത്തിന് എത്തുകയാണ് പതിവ്. ഒട്ടേറെ പേർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു. അവശേഷിക്കുന്നത് 175 പേരാണെങ്കിലും പരസഹായം വേണ്ടവരും അനാരോഗ്യക്കാരും സാന്നിദ്ധ്യമില്ലെങ്കിലും ആശംസകൾ കൈമാറും. കൊവിഡ് സാഹചര്യത്തിലാണ് കൂട്ടായ്മയുടെ സംഗമങ്ങൾ മുടങ്ങിയത്.
ഇന്നലെ നടന്ന സംഗമത്തിൽ 90 കാരനായ കെ.എൻ.വിദ്യാസാഗരൻ മക്കൾക്കൊപ്പമാണ് എത്തിയത്. 84 കാരനായ ജോബ് മാത്യു ചങ്ങനാശേരിയിൽ നിന്നാണെങ്കിൽ 75കാരനായ കെ.ജെ തോമസ് സാർ പാലാ ഉഴവൂരിൽ നിന്നാണെത്തിയത്. ഇത്തവണ പേർ സംഗമത്തിൽ പങ്കെടുത്തു.അദ്ധ്യാപകരെ ഒരു നോക്ക് കാണാൻ ശിഷ്യഗണങ്ങളും സംഗമ ദിവസം സ്കൂൾ മുറ്റത്തെത്തും.
ഫാക്ട് സ്കൂൾ അടച്ചു പൂട്ടിയതിനെ തുടർന്ന് പുറത്തു പോയ അദ്ധ്യാപകരുടെ കൂട്ടായ്മയാണ് സംഗമം സംഘടിപ്പിക്കുന്നത്.