കൊച്ചി: ജല അതോറിട്ടിയുടെ കീഴിലുള്ള എളംകുളത്തെ പുതിയ മലിനജല സംസ്കരണ പ്ലാന്റിന്റെ കമ്മിഷനിംഗ് വൈകും. കഴിഞ്ഞ 31 ന് പദ്ധതി

പൂർത്തീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജൂണിലും പ്രവർത്തനം ആരംഭിക്കാൻ കഴിയുമോയെന്ന സംശയത്തിലാണ് അധികൃതർ. സ്വീവേജ് പമ്പ് സെറ്റുകൾ ലഭിക്കാനുള്ള കാലതാമസമാണ് വിനയായത്. പൂനെയിലെ കമ്പനിയാണ് ഇത് നിർമ്മിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ പമ്പുകൾക്കായി ഓർഡർ നൽകി. മൂന്നു മാസത്തിനുള്ളിൽ ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കൊവിഡ് വ്യാപനം പ്രവർത്തനങ്ങളെ തടസപ്പെടുത്തിയെന്നാണ് കമ്പനിയുടെ ന്യായീകരണം.

നഗരത്തിലെ മിക്ക വീടുകളിലെയും സെപ്ടിക് ടാങ്കുകളുടെ പൈപ്പുകൾ കനാലുകളിലേക്കാണ് തുറന്നിരിക്കുന്നത്. മഴക്കാലത്തും വേലയേറ്റ സമയത്തും ക്‌ളോസറ്റുകൾ വഴി മലിനജലം വീടുകളിലേക്ക് തിരിച്ചെത്തും. പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. കൊതുക് ശല്യം കുറയും. എന്നാൽ പ്ളാന്റ് പ്രവർത്തനം വൈകുന്ന സാഹചര്യത്തിൽ ഈ മഴക്കാലത്തും മലിനജലത്തിൽ കഴിയാനാണ് കനാൽ തീരത്തെ കുടുംബങ്ങളുടെ വിധി.

 അമൃത് പദ്ധതി

നഗരപരിധിയിലെ 1.718 കണക്ഷനുകളിൽ നിന്നുള്ള മലിനജലം പുതിയ പ്ളാന്റിൽ സംസ്കരിക്കാൻ കഴിയും. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ നിന്നുള്ള 14.5 കോടിയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ജല അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള 12 ഏക്കറിലെ 20 സെന്റ് സ്ഥലത്താണ് പ്ളാന്റ് നിർമ്മാണം. പ്രതിദിനം അഞ്ച് ദശലക്ഷം ലിറ്റർ ജലം സംസ്‌കരിക്കാൻ ശേഷിയുണ്ട്. 4.5 എം.എൽ.ഡി ശേഷിയുള്ള പഴയ പ്ലാന്റ് ഇതിന് തൊട്ടടുത്താണ്. ആറു പതിറ്റാണ്ട് പഴക്കമുള്ള ഈ പ്ലാന്റ് അഞ്ച് ഡിവിഷനുകളിലെ 3 മുതൽ 3.2 ദശലക്ഷം ലിറ്റർ വരെ മലിനജലം നിത്യേന സംസ്‌കരിക്കുന്നുണ്ട്.

 എറണാകുളം സൗത്ത്, ഗാന്ധിനഗർ, കതൃക്കടവ്, എറണാകുളം സെൻട്രൽ, നോർത്ത് എന്നിവിടങ്ങളിലെ മലിനജലം പുതിയ പ്ളാന്റിൽ സംസ്കരിക്കും

 കൂടുതൽ പ്ലാന്റുകൾ നിർമ്മിക്കാൻ

വാട്ടർ അതോറിട്ടി

നഗരത്തിലെ ഉപഭോഗത്തിന്റെ വെറും ആറു ശതമാനം മലിനജലം മാത്രമാണ് നിലവിൽ സംസ്‌കരിക്കുന്നത്. എളംകുളത്തെ പഴയ പ്ലാന്റിന് 4.5 എം.എൽ.ഡി ശേഷിയുണ്ടെങ്കിലും കാലപ്പഴക്കത്താൽ മൂന്നു എം.എൽ.ഡി വരെയേ സംസ്‌കരിക്കാനാകൂ. നിലവിൽ നിർമ്മാണം നടക്കുന്ന പ്ളാന്റിനോടു ചേർന്നു പുതിയൊരു പ്ളാന്റ് കൂടി നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് വാട്ടർ അതോറിട്ടി.