കളമശേരി: മലിനീകരണത്തിൽ നിന്ന് പെരിയാർ നദിയെ സംരക്ഷിക്കുന്നതിന് എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്. സർക്കാർ അംഗീകാരം നൽകിയ പദ്ധതിക്ക് സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ സാമ്പത്തിക സഹായം നൽകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ക്ലസ്റ്റർ ഡെവലപ്മെന്റ് ഫണ്ട് സ്കീമിന് കീഴിൽ 30 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകാൻ സിഡ്ബി തത്വത്തിൽ തീരുമാനിച്ചു.
പ്രതി ദിനം രണ്ടു മില്യൺ ലിറ്റർ ശേഷിയുള്ളതാണ് നിർദിഷ്ട പ്ലാന്റ്. എടയാർ വ്യവസായ വികസന ഏരിയയിലെ നിലവിൽ എഫ്‌ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുള്ള മുഴുവൻ യൂണിറ്റുകളും പുതുതായി ആരംഭിക്കുന്ന കോമൺ എഫ്‌ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുമായി സഹകരിച്ച് പ്രവർത്തിക്കും. പെരിയാർ നദിയുടെ നിശ്ചിത ഭാഗങ്ങളിൽ പുറന്തള്ളുന്ന ജലത്തിന്റെ മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി മൈക്രോബയോളജി ലാബുകൾ പ്രവർത്തിപ്പിച്ച് പ്ലാന്റിന്റെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുമെന്നും പി.രാജീവ് പറഞ്ഞു.

കേരള വാട്ടർ അതോറിറ്റിയാണ് പദ്ധതിയുടെ രൂപരേഖ സമർപ്പിച്ചത്. രണ്ടുവർഷം കാലയളവിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പ്രോജക്റ്റിനെ ചെലവ് 37.5 കോടി രൂപയാണ്. പ്ലാന്റ് സ്ഥാപിക്കുന്നത് വഴി നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ 2018 ലെ വിധി നടപ്പിലാക്കാൻ കഴിയും.

1964- ൽ ആരംഭിച്ച എടയാർ ഡെവലപ്പ്മെന്റ് ഏരിയയിൽ സ്ഥാപിച്ച 336 യൂണിറ്റുകളിൽ നിലവിൽ 303 എണ്ണം പ്രവർത്തിക്കുന്നുണ്ട്. പ്ലാന്റിന്റെ നടത്തിപ്പ്, അറ്റകുറ്റപ്പണി ചെലവുകൾക്കായി ഓരോ വർഷവും 11 കോടി രൂപയോളം സർക്കാർ ചെലവഴിക്കും.