
പനങ്ങാട്: ചേപ്പനം കോതേശ്വരം ടെമ്പിൾ റോഡിന്റെ പണി തുടങ്ങിയിട്ട് മാസങ്ങളായി. പണി പൂർത്തിയാക്കാൻ കുമ്പളം പഞ്ചായത്ത് അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ചെളിക്കുണ്ടായി മാറിയ ഈ റോഡിൽ കൂടി സഞ്ചരിച്ച സ്ത്രീകളടക്കമുള്ള പരിസരവാസികളും വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെട്ടു.
ജനങ്ങൾ പ്രതികരിച്ചാൽ കോൺട്രാക്ടർ പണി ഉപേക്ഷിച്ചു പോകുമെന്നുള്ള തരത്തിലുള്ള വിചിത്രമായ ന്യായീകരണങ്ങളാണ് പഞ്ചായത്ത് അധികൃതർ പറയുന്നു. മദ്ധ്യ വേനലവധി കഴിഞ്ഞാൽ സ്കൂൾ തുറക്കും. മഴക്കാലമാണ് വരുന്നത്. നിരവധി കുട്ടികൾ പഠിക്കുന്ന ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഈ സ്കൂളിലേക്ക് കൊച്ചുകുട്ടികളുമായി വരുന്ന വാഹനങ്ങൾ, രക്ഷാകർത്താക്കൾ, ടീച്ചർമാർ എന്നിവരൊക്കെ മാസങ്ങളായി ഈ റോഡിന്റെ ശോചനീയാവസ്ഥയിൽ ബുദ്ധിമുട്ടനുഭവിച്ചു വരുന്നവരാണ്.
ഇവരുടെയൊക്കെ ജീവന് ഒരു വിലയും കൽപ്പിക്കാതെ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കി ഈ റോഡുപണി മുട്ടിലിഴയുന്നതുപോലെ നീട്ടിക്കൊണ്ടു പോവുകയാണ്. കുമ്പളം പഞ്ചായത്ത് അധികൃതരുടെ ഈ കെടുകാര്യസ്ഥതക്കെതിരെ ബി.ജെ.പി ചേപ്പനം അഞ്ചാം വാർഡ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് വിപിൻ കുമാറിന്റെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ വൻ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി കുമ്പളം പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.കെ. രഞ്ജിത്ത് കുമാർ പറഞ്ഞു.