കൊച്ചി: വൻകിട ഉപഭോക്താവാണെന്ന കാരണത്താൽ തങ്ങളിൽനിന്ന് ഡീസലിന് എണ്ണക്കമ്പനികൾ ഉയർന്നവില വാങ്ങുന്നത് പൊതു താത്പര‌്യത്തിന് വിരുദ്ധവും വിവേചനവുമാണെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ വ്യക്തമാക്കി. വിപണി വിലയേക്കാൾ കൂടിയതുക ഈടാക്കാൻ എണ്ണക്കമ്പനികൾക്ക് നിയമപരമായി കഴില്ലെന്നും ഹൈക്കോടതി ഇപെടണമെന്നും ആവശ്യപ്പെട്ടു. എണ്ണക്കമ്പനികൾ ഡീസലിന് ഉയർന്നവില വാങ്ങുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയിലാണ് ഈ വാദം ഉന്നയിക്കപ്പെട്ടത്. ജസ്റ്റിസ് എൻ. നഗരേഷ് ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

സുപ്രീംകോടതി അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് കെ.എസ്.ആർ.ടി.സിക്കുവേണ്ടി ഹാജരായത്. പൊതുസേവന മേഖലയിലുള്ള കെ.എസ്.ആർ.ടി.സിയോട് കൂടുതൽ തുകവാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽനിന്ന് കുറഞ്ഞതുക വാങ്ങുകയും ചെയ്യുന്നത് ന്യായമല്ലെന്നു ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിമൂലം കെ.എസ്.ആർ.ടി.സി നാശത്തിന്റെ വക്കിലാണെന്നും വ്യക്തമാക്കി.

ഇന്ധനവില നിയന്ത്രണങ്ങൾ 2014ൽ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതാണെന്നും നയതീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും എണ്ണക്കമ്പനികൾക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ പരാഗ് പി. ത്രിപാഠി വ്യക്തമാക്കി. ഐ.ഒ.സിയുൾപ്പെടെയുള്ള എണ്ണക്കമ്പനികൾക്ക് കെ.എസ്.ആർ.ടി.സി 123കോടിരൂപ നൽകാനുണ്ട്. വൻകുടിശിക നിലനിൽക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഇത്തരമൊരു വാദവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ സബ്‌സിഡി നൽകണമെന്നല്ല വിപണിവിലയ്ക്ക് ഡീസൽ നൽകണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് കെ.എസ്.ആർ.ടി.സിയും വ്യക്തമാക്കി.