soi-terry

ആലുവ: അമേരിക്കയിലെ വർണവിവേചനങ്ങൾക്കെതിരെ അഞ്ചാം വയസുമുതൽ പോരാട്ടമാരംഭിച്ച 15കാരി സോയി ടെറി ഇന്നും നാളെയും കേരളത്തിൽ. ഇന്ന് വൈകിട്ട് നാലിന് തോട്ടുമുഖം ശ്രീനാരായണ സേവികസമാജത്തിൽ സോയി ടെറി കുട്ടികളുമായി സംവാദിക്കും. നാളെ വൈകിട്ട് മൂന്നിന് ഇടപ്പള്ളി കേരള ഹിസ്റ്ററി മ്യൂസിയത്തിലും പരിപാടിയുണ്ട്.

അഞ്ചാം വയസിൽ പാവകളെ സ്വന്തമായി നിർമ്മിച്ച് കുട്ടികൾക്കിടയിൽ വിതരണം നടത്തിയാണ് സോയ് ടെറി ലോകശ്രദ്ധ നേടിയത്. അമേരിക്കയിലെ മിയാമിയിൽ ജനിച്ച ടെറി സോയീസ് ഡോൾ എന്ന സ്ഥാപനം കെട്ടിപ്പടുത്തു. ഇതിനകം 30,000ലേറെ പാവകളെ സ്വന്തമായി നിർമ്മിച്ച് അമേരിക്ക, ജമൈക്ക, ക്യൂബ, നെതർൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയിലും സൗജന്യമായി വിതരണം നടത്തി. സെറീന വില്യംസ് ഉൾപ്പെടെയുള്ളവരാണ് അഭിനന്ദനവുമായി എത്തിയത്.

കുട്ടികളുടെ സർഗവാസന പരിപോഷിപ്പിച്ച് ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെ അവരുമായി നേരിട്ട് ആശയസംവാദം നടത്തുന്നതിനായി പാവനിർമ്മാണവുമായി ലോക രാജ്യങ്ങൾ സന്ദർശിക്കുകയാണ്.

കേരളത്തിലെ ഇത്തരം സംവാദം ഏകോപിപ്പിക്കുന്ന 'ആയുഷ് സ്‌പെഷ്യാലിറ്റി ആശുപത്രിയുമായി ചേർന്ന് ആലുവ ഫാന്റം ആൻഡ് ഫ്രണ്ട്‌സ് എന്ന സ്ഥാപനമാണ് ആദ്യമായി സോയി ടെറിക്ക് ആതിഥ്യമൊരുക്കുന്നതെന്ന് പാർവതി മോഹനൻ പറഞ്ഞു.