p

കൊച്ചി: മലയാളികളുടെ വായനാസംസ്കാരം തന്നെ അതിശയിപ്പിച്ചുവെന്ന് ജർമ്മൻ അംബാസിഡർ വാൾട്ടർ.ജെ. ലിൻഡ പറഞ്ഞു. അന്താരാഷ്ട്ര പുസ്‌കോത്സവത്തിന്റെ വരും വർഷങ്ങളിൽ ജർമ്മനിയും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന 24 ാം കൊച്ചി അന്താരാഷ്ട്ര പുസ്തക മേള സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വാൾട്ടർ. പുസ്‌തകോത്സവങ്ങൾ ഭാരതത്തിന്റെ ഭാവി തലമുറയ്ക്ക് വഴികാട്ടിയാണ് . ഇത്തരത്തിലൊരു മേള മുടങ്ങാതെ എല്ലാ വർഷവും നടത്തുന്നതിന് സംഘാടകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

താളിയോല ഗ്രന്ഥങ്ങൾ അടങ്ങിയ സ്റ്റാളിൽ നിന്നും ഹനുമാൻ ചാലിസയുടെ താളിയോല ഗ്രന്ഥം അംബാസിഡർക്ക് സമ്മാനിച്ചു. എല്ലാ സ്റ്റാളുകളിലും സന്ദർശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
തുടർന്ന് വേദികളിൽ കുരുക്ഷേത്ര പ്രകാശന്റെയും അന്താരാഷ്ട്ര പുസ്‌തകോത്സവ സമിതിയുടെയും പുസ്തകങ്ങളുടെ പ്രകാശനങ്ങൾ നടന്നു.

മറ്റൊരു വേദിയിൽ കെ. രാധാകൃഷ്ണൻ അനുസ്മരണ സമ്മേളനം നടന്നു.

വൈകിട്ട് നാട്യശാസ്ത്രത്തെക്കുറിച്ചുള്ള ചർച്ചയും തുടർന്ന് സുരേഖ വർമ്മയുടെ വയലിൻ കച്ചേരിയും കലാമണ്ഡലം ആതിരയുടെ നങ്ങാർകൂത്തും എസ്.വി.എൽ.പി സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച നിലാനടനം എന്നീ പരിപാടികളും അരങ്ങേറി. ഇരുനൂറോളം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകമേള ഞായറാഴ്ച സമാപിക്കും.