dileep

കൊച്ചി: വധഗൂഢാലോചനക്കേസിലെ എഴാംപ്രതിയും സൈബർ വിദഗ്ദ്ധനുമായ സായ് ശങ്കർ ഐ ഫോണുകളിൽനിന്ന് സുപ്രധാനരേഖകളും ചാറ്റുകളും നീക്കിയത് മുഖ്യപ്രതി ദിലീപിന്റെ സാന്നിദ്ധ്യത്തിലാണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ജനുവരി 30ന് മുറിയെടുത്ത് നാലുമണിക്കൂർകൊണ്ട് രേഖകൾ വീണ്ടെടുക്കാനാകാത്തവിധം നശിപ്പിക്കുകയായിരുന്നു.

12 ചാറ്റുകൾ മായ്ച്ചതായി​ നേരത്തേ കണ്ടെത്തി​യി​രുന്നു. ഇതിൽ അഞ്ചെണ്ണം ദുബായ് നമ്പറുകളാണ്.

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന വിവരങ്ങളാണ് മായ്ച്ചതെന്നാണ് സായിയുടെ മൊഴി. കേസിന്റെ തുടരന്വേഷണത്തിന് ഇത് പിടിവള്ളിയാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പൊലീസ് ശേഖരി​ച്ച ഹോട്ടൽ രേഖകളും സി​.സി​ ടിവി​ ദൃശ്യങ്ങളും കോടതി​യി​ൽ ഹാജരാക്കും.

മൂന്നാഴ്ചയായി ഒളിവിലായിരുന്ന സായ് ശങ്കർ വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി കീഴടങ്ങി. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയി​ൽ ഒളിവിൽ കഴിയുകയായിരുന്നു. വിമാനമാർഗമാണ് തിരുവനന്തപുരത്തെത്തിയത്. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ ആലുവ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു.

''തെളിവുകൾ നശിപ്പിച്ചത്

അഭിഭാഷകർ പറഞ്ഞിട്ട്''

അഭിഭാഷകരുടെ നിർദ്ദേശപ്രകാരമാണ് തെളിവുകൾ നശിപ്പിച്ചതെന്ന് സായ് ശങ്കർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. തന്റെ ഐ മാക്ക് ലാപ്ടോപ്പും ഐപാഡും രണ്ട് മൊബൈൽഫോണുകളും അഭിഭാഷകർ കഴി​ഞ്ഞദി​വസം പിടിച്ചുവാങ്ങിയെന്നും മൊഴി നൽകി. അതേസമയം, അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്ന് തനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകവേ സായ് ശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയെന്ന പേരിൽ തന്റെ ഒപ്പുവാങ്ങി ദിലീപിന്റെ അഭിഭാഷകർ എഴുതിച്ചേർത്ത കള്ളപ്പരാതിയാണിതെന്നും വ്യക്തമാക്കി.