ആലുവ: നഗരത്തിലെ ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന് ആലുവ നഗരസഭ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ബി.ജെ.പി അംഗങ്ങളായ ശ്രീലത രാധാകൃഷ്ണൻ അവതരിപ്പിച്ച പ്രമേയത്തെ എൻ. ശ്രീകാന്ത് പിന്താങ്ങി.

ഭരണപക്ഷ കൗൺസിലർമാർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ എൽ.ഡി.എഫിലെ ഏഴ് അംഗങ്ങളും സ്വതന്ത്രാംഗം കെ.വി. സരളയും എതിർത്തു. ഭൂരിപക്ഷ പിന്തുണയോടെയാണ് തീരുമാനമെടുത്തത്. നിലവിൽ റെയിൽ റോഡിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റ് മൂലം നഗരസഭയിലെ എട്ട്, ഒമ്പത്, പത്ത് വാർഡുകളിലെ ജനങ്ങൾ ദുരിതത്തിലാണ്. നിരവധി വിദ്യാലയങ്ങൾ, സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവയും ഈ മേഖലയിലുണ്ട്. ഇവിടങ്ങളിലേക്ക് വരുന്നവരും ബുദ്ധിമുട്ടുന്നു. ഇതിനിടയിൽ ഇതേകെട്ടിടത്തിന്റെ താഴത്തെ നിലയിൽ ബീവറേജസ് കോർപ്പറേഷന്റെ പ്രീമിയം കൗണ്ടർ തുറക്കാനും നീക്കം നടക്കുന്നതായി പ്രമേയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.