bank
മുവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി ചെയ്ത അജേഷിന്റെ കുടുംബത്തിന്റെ ലോൺ കുടിശ്ശിക അടച്ചുതീർക്കുന്നതിനായി പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ബാങ്ക് മാനേജരുടെ ക്യാബിനിൽ എത്തി മാനേജരുമായി ചർച്ച നടത്തുന്നു.

മുവാറ്റുപുഴ: കുട്ടി​കളെ പുറത്താക്കി​ വീട് ജപ്തി​ചെയ്ത സംഭവത്തി​ൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചെക്കും മൂവാറ്റുപുഴ അർബൻ ബാങ്കി​ലെത്തി​.
ജപ്തി വി​വാദമായപ്പോൾ ബാങ്കിലെ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) അംഗങ്ങൾ പണം അടച്ച് ബാദ്ധ്യത തീർത്തി​രുന്നു. ഇതുപക്ഷേ,​ സ്ഥലം ഉടമ അജേഷ് അംഗീകരിച്ചിരുന്നി​ല്ല. വായ്‌പ താൻതന്നെ അടച്ചുതീർക്കാമെന്നാണ് അജേഷി​ന്റെ നി​ലപാട്.

എം.എൽ.എയുടെ 1,35,586 രൂപയുടെ ചെക്കുമായി​ അജേഷിന്റെ ഭാര്യ മഞ്ജു

വാർഡ് മെമ്പർ നെജി ഷാനവാസി​നൊപ്പം ഇന്നലെ അർബൻ ബാങ്ക് ഹെഡ് ഓഫീസിലെത്തുകയായി​രുന്നു. സ്വീകരി​ക്കാൻ മാനേജർ സി​ന്ധു ആദ്യം തയ്യാറായി​ല്ല. ചർച്ചകൾക്ക് ശേഷം പണമായി​ അടയ്ക്കണമെന്ന് മാനേജർ നി​ർദേശി​ച്ചെങ്കി​ലും മഞ്ജു വഴങ്ങി​യി​ല്ല. ഒടുവി​ൽ മാനേജർ ചെക്ക് കൈപ്പറ്റിയെങ്കിലും തുടർനടപടി എടുത്തിട്ടില്ല​.

പിതാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മൂന്ന് പെൺകുട്ടികളടക്കം നാല് കുട്ടികളെ ഇറക്കിവിട്ടായിരുന്നു ജപ്തി. മാത്യു കുഴൽനാടൻ എം.എൽ.എ സ്ഥലത്തെത്തി പൂട്ട് തകർത്താണ് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിച്ചത്. ബാദ്ധ്യത തീർക്കുമെന്നും എം.എൽ.എ പ്രഖ്യാപി​ച്ചി​രുന്നു.

സഹകരണ മന്ത്രി ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശിച്ചതിന് പിന്നാലെ ബാങ്ക് സി.ഇ.ഒ ജോസ് കെ.പീറ്റർ രാജിവയ്ക്കുകയും ചെയ്തു.