കളമശേരി: ഗവ. മെഡിക്കൽ കോളേജിൽ മന്ത്രി പി.രാജീവിന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഫുഡ് കോർട്ട് വരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ തന്നെയുള്ള കാന്റീനും വിവിധ സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണവുമുള്ളതിനാൽ ആഹാരത്തിന് മുട്ടുണ്ടാവില്ലെങ്കിലും വരാന്തയിലോ മരച്ചുവട്ടിലോ ഇരുന്ന് കഴിക്കേണ്ടി വന്നിരുന്നു. ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള ഫുഡ് കോർട്ട് എത്രയും വേഗം യാഥാർത്ഥ്യമാക്കാനാണ് തീരുമാനം.

മെഡിക്കൽ കോളേജിന് അകത്ത് പ്രവർത്തിക്കുന്ന 24 മണിക്കൂർ കാന്റീന് സമീപത്ത് തന്നെയാണ് ഫുഡ് കോർട്ടും നിർമിക്കുകയെന്ന് കളമശേരി മെഡിക്കൽ കോളേളിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹനൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. 50 മുതൽ നൂറ് പേർക്ക് വരെ ഒരേ സമയം ഉപയോഗപ്പെടുത്താൻ കഴിയും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറമേ മെഡിക്കൽ കോളേജിലെ ജീവനക്കാർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാകും നിർമ്മാണം. പ്രാരംഭ നടപടികൾ പൂർത്തിയായി അനുമതി ലഭിച്ച സാഹചര്യത്തിൽ ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.