പറവൂർ: ദേശീയപാത വൺവേയിൽ വൃന്ദാവൻ സ്റ്റോപ്പിന് സമീപത്ത് റോഡിൽ നിന്നിരുന്ന കാറ്റാടിമരം കാറ്റിൽ കടപുഴകിവീണ് കാഞ്ഞിരക്കാട്ട് കൊച്ചുവർക്കിയുടെ വീടിന്റെ മതിൽ തകർന്നു. രണ്ടാംതവണയാണ് പെതുമാരാമത്തിന്റെ പുറമ്പോക്ക് ഭൂമിയിലെ മരംവീണ് മതിൽ തകരുന്നത്. റോഡിനോട് ചേർന്ന് നിരവധി മരങ്ങൾ സമീപത്തെ വീടുകൾക്ക് ഭീഷണിയായി നിൽക്കുന്നുണ്ട്. റോഡിലേക്ക് മറിഞ്ഞാൽ വൈദ്യുതിലൈൻ പൊട്ടുകയും റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് അപകടസാദ്ധ്യതയുമുണ്ട്. അപകടഭീഷണയുള്ള ഇവിടത്തെ മരങ്ങളടക്കം മുറിച്ചുമാറ്റുന്നതിന് കഴിഞ്ഞവർഷം പൊതുമരാമത്ത് ഓഫീസിൽ നഗരസഭ രേഖാമൂലം പരാതി നൽകിയിരുന്നു. തുടർനടപടിയില്ലെന്നുമാത്രം. പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവം തുടർന്നാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വാർഡ് കൗൺസിലർ ജോബി പഞ്ഞിക്കാരൻ പറഞ്ഞു.