judges-sent-off

കൊച്ചി: ഹൈക്കോടതിയിൽനിന്ന് വിരമിക്കുന്ന ജസ്റ്റിസ് സുനിൽ തോമസിനും ജസ്റ്റിസ് കെ. ഹരിപാലിനും ഇന്നലെ നടത്തിയ ഫുൾകോർട്ട് റഫറൻസിൽ യാത്രഅയപ്പ് നൽകി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രാജേഷ് വിജയൻ എന്നിവർ പ്രസംഗിച്ചു. ജസ്റ്റിസ് സുനിൽ തോമസും ജസ്റ്റിസ് കെ. ഹരിപാലും മറുപടി പ്രസംഗം നടത്തി.

തൃപ്പൂണിത്തുറ സ്വദേശിയായ സുനിൽ തോമസ് എറണാകുളം ഗവ. ലാ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് എൽ.എൽ.എമ്മും പാസായി. 1983ൽ പ്രാക്ടീസ് തുടങ്ങി. എറണാകുളം ഗവ. ലാ കോളേജിൽ പാർട്ട് ടൈം അദ്ധ്യാപകനായും ജോലിനോക്കി. 2001ൽ ജില്ലാ ജഡ്‌ജിയായി നിയമനം ലഭിച്ചു. 2007മുതൽ 2014വരെ സുപ്രീംകോടതിയിൽ രജിസ്ട്രാറായിരുന്നു. 2015 ഏപ്രിൽ പത്തിന് കേരള ഹൈക്കോടതിയിൽ അഡി. ജഡ്‌ജിയായി നിയമനം ലഭിച്ചു. 2017ൽ സ്ഥിരം ജഡ്‌ജിയായി.

ചങ്ങനാശേരി പായിപ്പാട് മല്യത്ത് കെ. ഹരിപാൽ 1986ൽ എറണാകുളം ഗവ. ലാ കോളേജിൽനിന്ന് നിയമബിരുദം നേടി. തൊട്ടടുത്ത വർഷം ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. 2018 ജനുവരിയിൽ കേരള ഹൈക്കോടതിയിൽ സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാറായി. 2018 നവംബർ അഞ്ചിന് രജിസ്ട്രാർ ജനറലായി. 2020 മേയ് 25ന് ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി. 2021ൽ സ്ഥിരം ജഡ്‌ജിയായി.