
നെടുമ്പാശേരി: സി.പി.എം നെടുമ്പാശേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കെ-റെയിൽ വിശദീകരണ യോഗത്തിൽ പദ്ധതിക്കായി വീടു നഷ്ടപ്പെടുന്ന 14 കുടുംബങ്ങളിൽ 10 കുടുംബങ്ങളെ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. തുളസി റോസാപ്പൂ നൽകി സ്വീകരിച്ചു.
പദ്ധതിക്കായി സാമൂഹ്യാഘാതപഠനം നടത്താൻ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ പഞ്ചായത്തിൽ എതിർപ്പുകളില്ലാതെ പൂർത്തിയായി. 197 കല്ലുകളാണ് പഞ്ചായത്ത് അതിർത്തിയിൽ സ്ഥാപിച്ചത്. 14 കുടുംബങ്ങളിൽ ആവണംകോട് പാറയ്ക്കൽ വീട്ടിൽ വർഗീസിന്റെ റോഡരികിലുള്ള രണ്ടു വീടുകളാണ് പദ്ധതിക്കായി നഷ്ടപ്പെടുന്നത്. വർഗീസും സി.പി.എം വേദിയിലെത്തിയത് ശ്രദ്ധേയമായി.
ഇടതു സഹയാത്രികൻ ഡോ.കെ.പി. പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. രണ്ടു വീടുകളും ഭാവി കേരളത്തിന്റെ വികസന കുതിപ്പിനായി വിട്ടു നൽകാൻ തയ്യാറാകുന്ന വർഗീസുമാർ മലയാള കരയ്ക്ക് അഭിമാനമാണെന്ന് പ്രേംകുമാർ പറഞ്ഞു.
കെ. തുളസി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, കർഷകസംഘം നേതാവ് പി.വി. തോമസ്, പഞ്ചായത്ത് മെമ്പർ എ.വി. സുനിൽ എന്നിവർ സംസാരിച്ചു.