ആലുവ: പെരിയാറിനോട് തൊട്ടുരുമി നിൽക്കുന്ന പഞ്ചായത്താണെങ്കിലും വേനൽച്ചൂട് കനത്തതോടെ കീഴ്മാട് വിവിധ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി. കിണറുകളെല്ലാം വറ്റിവരണ്ടതാണ് തിരിച്ചടി.

പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളക്ഷാമമാണ്. കീരംകുന്ന്, മലയംകാട്, കീഴ്മാട്, മോസ്‌കോ, കുന്നുംപുറം, കുന്നശേരിപ്പള്ളം പ്രദേശങ്ങളിലും മനയ്ക്കകാട്, കോതേലിപ്പറമ്പ്, കുട്ടമശേരി തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലുമാണ് ജലക്ഷാമം രൂക്ഷം. ഉയർന്ന പ്രദേശങ്ങളിലെല്ലാം കിണറുകളിൽ വെള്ളമില്ലാതായി.

പെരിയാർവാലി കനാൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ കഴിയുന്നവർക്ക് മാത്രമാണ് അല്പമെങ്കിലും ആശ്വാസം. ആഴ്ചയിൽ രണ്ടുദിവസം വെള്ളംവരുമ്പോൾ കിണറുകളിലേക്ക് ഉറവ ലഭിക്കും. ഭൂഗർഭജലലഭ്യത കുറഞ്ഞ ഈ പ്രദേശങ്ങളിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പുകളാണ് ആശ്രയം. ഇവിടങ്ങളിൽ കൃത്യമായി വെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചില ദിവസങ്ങളിൽ തീരെ വെള്ളം ലഭിക്കില്ല. കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകളാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

കുന്നിൻപ്രദേശങ്ങളിൽ പൈപ്പിലൂടെയുള്ള ജലവിതരണത്തിന്റെ മർദ്ദം കുറവായതിനാൽ കുറച്ച് മാത്രമാണ് വരുന്നത്. പല ദിവസങ്ങളിലും ജലവിതരണം കൃത്യമായി നടക്കാത്തതിനാൽ വെള്ളമില്ലാത്ത ദിവസങ്ങളിലേക്കായി വെള്ളം വിവിധ പാത്രങ്ങളിൽ ശേഖരിക്കേണ്ട ഗതികേടിലാണ്.

 വില്ലൻ പഴഞ്ചൻ പൈപ്പുകൾ

പൈപ്പുവഴി കുറഞ്ഞ അളവിൽ മാത്രം വെള്ളം ലഭിക്കുന്നതിനാൽ ഒരു ദിവസത്തേക്കുപോലും തികയാതെ വരുന്നു. ആലുവ മേഖലയിലെ ജലവിതരണ പൈപ്പുകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കീഴ്മാട് പഞ്ചായത്ത് പ്രദേശങ്ങളിലേക്കുള്ള ജലവിതരണത്തിനും പ്രധാന പ്രതിസന്ധി പൈപ്പുകളുടെ കാലപ്പഴക്കമാണ്. അതുകൊണ്ടുതന്നെയാണ് ജലവിതരണം പൂർണതോതിൽ നടത്താത്തത്. മർദ്ദം കൂട്ടിയാൽ പൈപ്പുകൾ പൊട്ടും. ഇതൊഴിവാക്കാനാണ് മർദ്ദം കുറച്ച് വിടുന്നത്. അപ്പോഴാകട്ടെ നൂലുപോലെയാണ് ഉയർന്ന പ്രദേശങ്ങളിൽ ജലമെത്തുന്നത്.

കിണറുകൾ കാലി

തുമ്പിച്ചാൽ വട്ടച്ചാൽ പോലുള്ള ഏക്കർ കണക്കിനുള്ള ജലസംഭരണികൾ ഈ പ്രദേശങ്ങളിൽ ഉണ്ടെങ്കിലും ഇവയെല്ലാം നാശംനേരിടുന്നതാണ് കിണറുകളിലെ ജലസമ്പത്ത് കുറയാൻ കാരണം. കുട്ടമശേരി ജലസേചന കനാലിലൂടെ വെള്ളം പമ്പ് ചെയ്യുന്നതിനാൽ കുണ്ടോപാടത്തും സമീപമുള്ള പ്രശേങ്ങളിലുള്ളവർക്കും വെള്ളം ലഭിക്കുന്നുണ്ട്. വേനൽ കടുക്കുന്തോറും പല പ്രദേശങ്ങളും കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്.