മട്ടാഞ്ചേരി: കൊച്ചിയിൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ വ്യാപകമായ തോതിൽ കരിഞ്ചന്തയിൽ വിൽപന നടക്കുമ്പോഴും ഭക്ഷ്യവകുപ്പ് അധികൃതർ തുടരുന്ന നിസംഗതയിൽ വ്യാപക പ്രതിഷേധം. സിറ്റി റേഷനിംഗ് അധികൃതർ പുലർത്തുന്ന അനുകൂല സമീപനമാണ് ഇത്തരക്കാർക്ക് കൂടുതൽ പ്രചോദനമേകുന്നതെന്നാണ് ആക്ഷേപം. മുൻ കാലങ്ങളിൽ ഇത്തരത്തിൽ കരിഞ്ചന്തയിൽ വിൽക്കുന്ന റേഷൻധാന്യങ്ങൾ പൊലീസ് പിടികൂടിയാലും നടപടികൾക്കായി ഭക്ഷ്യ വകുപ്പിന് കൈമാറുകയാണ് പതിവ്. എന്നാൽ മട്ടാഞ്ചേരി അസി.കമ്മീഷണർ വി.ജി രവീന്ദ്രനാഥ് ഇക്കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിച്ചതോടെ കരിഞ്ചന്തക്കാർക്ക് രക്ഷപ്പെടാൻ അവസരമില്ലാതായി. കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ രണ്ട് കേന്ദ്രങ്ങളിൽ നിന്നാണ് പൊലീസ് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച റേഷൻധാന്യങ്ങൾ പിടികൂടിയത്. അതേസമയം,​ റേഷൻ കരിഞ്ചന്തയ്ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മട്ടാഞ്ചേരി അസി.കമ്മീഷണർ വി.ജി രവീന്ദ്രനാഥ് പറഞ്ഞു.