കൊച്ചി: സംരംഭകനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പടുത്തി പണംതട്ടിയ കേസിൽ കൊച്ചി കോർപറേഷൻ കൗൺസിലറും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ടിബിൻ ദേവസിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. എളമക്കര ജവാൻ ക്രോസ് റോഡിൽ കോസ്മിക് ഇന്നോവേഷൻ സ്ഥാപനമുടമയും കാസർകോട് സ്വദേശിയുമായ കൃഷ്ണമണി പീതാംബരനാണ് ക്രൂരതയ്ക്ക് ഇരയായത്. കാസർകോട് സ്വദേശി ഫിയാസ്, ഷമീർ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പ്രതികൾ. 40 ലക്ഷം രൂപ ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് കൃഷ്ണമണിയെ പത്തംഗ സംഘം തട്ടിക്കൊണ്ടുപോയത്. ടിബിന്റെ നേതൃത്വത്തിൽ രണ്ടുലക്ഷം രൂപ ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. കൃഷ്ണമണിയുടെ സുഹൃത്ത് പൊലീസിന് നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണമാണ് മൂന്നംഗ സംഘത്തിന്റെ അറസ്റ്റിന് വഴിവച്ചത്. മറ്റുള്ളവർ രക്ഷപെട്ടു.
പൊലീസ് പറയുന്നത്. കൃഷ്ണമണിയും ഫിയാസും 2017വരെ ഖത്തറിൽ ഒരുമിച്ചായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളാണ് സംഘർഷത്തിൽ കലാശിച്ചത്. കൃഷ്ണമണി പുതിയ സ്ഥാപനം തുടങ്ങിയപ്പോൾ ഫിയാസ് ജോലിക്കാരനായി ഒപ്പംകൂടി. സ്ഥാപനത്തിനോട് ചേർന്ന് തന്നെ താമസിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ ഫിയാസ് സുഹൃത്തുക്കളുമായി എത്തി സാമ്പത്തിക കാര്യങ്ങൾ പറഞ്ഞ് കൃഷ്ണമണിയുമായി വാക്കുതർക്കമായി. ഫിയാസിന് നൽകാനുള്ള 40 ലക്ഷം രൂപ ഉടൻ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു തർക്കം. തുടർന്ന് വൈകിട്ട് നാലോ
ടെ ഫിയാസും സംഘവും ചേർന്ന് കൃഷ്ണമണിയെ ഫിയാസിന്റെ ഭാര്യയുടെ കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച് അവശനാക്കുകയായിരുന്നു.
തുടർന്ന് കൃഷ്ണമണിയുടെ ഭാര്യാപിതാവ് ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിക്ക് സമീപമെത്തിച്ചശേഷം 20 ലക്ഷം രൂപ ഉടൻ നൽകാമെന്ന് കാണിച്ച് മുദ്രപ്പത്രത്തിൽ ഒപ്പിടീച്ച് വാങ്ങി. രണ്ടുലക്ഷം രൂപ ഫിയാസ് ഓൺലൈനായി വാങ്ങിച്ചെടുത്തു. ഓടി രക്ഷപെട്ട ഏഴുപേർക്കായി അന്വേഷണം ആരംഭിച്ചു.