ചേരാനല്ലൂർ: ജോലികഴിഞ്ഞ് പോകുകയായിരുന്ന ഹോട്ടൽ ജീവനക്കാരനെ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ച കേസിൽ രണ്ടുപേരെ ചേരാനല്ലൂർ പൊലീസ് അറസ്റ്റുചെയ്തു. ചേരാനല്ലൂർ വാര്യത്ത് അരുൾ സെബാസ്റ്റ്യൻ (22), കച്ചേരിപ്പടി വടക്കുംപറമ്പിൽ ആൻസൻ ഡിക്കോസ (23) എന്നിവരാണ് പിടിയിലായത്. കുന്നുംപുറത്തെ ഹോട്ടലിൽ പണിയെടുക്കുന്ന തമിഴ്‌നാട് സ്വദേശിയായ രാകേഷ് വ്യാഴാഴ്ച രാത്രി ജോലികഴിഞ്ഞ് മഞ്ഞുമ്മലുള്ള താമസസ്ഥലത്തേയ്ക്ക് പോകുംവഴി ഇവരുവരും വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പോക്കറ്റിൽ നിന്ന് പണം പിടിച്ചുപറിക്കുകയായിരുന്നു. രാകേഷ് ചേരാനല്ലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രതികളെ പിടികൂടിയത്. ഇരുവരും നേരത്തെ ലഹരിമരുന്ന്, മോഷണക്കേസുകളിൽ പിടിയിലായിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.