മരട്: മരട് നഗരസഭാ പരിധിയിലെ പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് കണ്ടെത്താനും നഗരസഭാ പരിധിയിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിവിധയിടങ്ങളിൽ പോർട്ടബിൾ സി.സി.ടിവി കാമറാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനു മുന്നോടിയായി പരീക്ഷണാർത്ഥം കണ്ണാടിക്കാട് വഴിയോരത്ത് പോർട്ടബിൾ കാമറ സ്ഥാപിച്ചു.

100 മീറ്റർ വരെ അകലെയുള്ള ദൃശ്യങ്ങൾ വളരെ വ്യക്തമായി കാമറയിൽ ലഭിക്കും. രാത്രികാലങ്ങളിൽ മാലിന്യം വഴിയരികിൽ തള്ളുന്നവരെ കണ്ടെത്താൻ കാമറകൾ ഫലപ്രദമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ എവിടിരുന്നും ഉദ്യോഗസ്ഥർക്ക് വീക്ഷിക്കാനുതകുന്ന രീതിയിലാണ് കാമറയുടെ പ്രവർത്തനം. ഒരേ സമയം പത്ത് മൊബൈലിൽ വരെ ദൃശ്യങ്ങൾ ലഭ്യമാകും. പരീക്ഷണാർത്ഥം ഘടിപ്പിച്ച പോർട്ടബിൾ കാമറ നഗരസഭാ ചെയർമാൻ അടക്കമുള്ള സംഘം സ്ഥലത്തെത്തി വീക്ഷിച്ചു. വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഡി.രാജേഷ്, മിനി ഷാജി, കൗൺസിലർമാരായ ബേബി പോൾ, ജയ ജോസഫ്, ശോഭ ചന്ദ്രൻ, റിയാസ് കെ. മുഹമ്മദ്, എ.ജെ.തോമസ്, രേണുക ശിവദാസ്, പത്മപ്രിയ, മുനിസിപ്പൽ എൻജിനീയർ എം.കെ. ബിജു, ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ എന്നിവർ സ്ഥലം സന്ദർശിച്ചു.