കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിൽ പരിഷ്കരിച്ച കുർബാന നടപ്പിലാക്കുന്നതിന് അതിരൂപതയുടെ മെത്രാപ്പൊലീത്തൻ ആർച്ച് ബിഷപ്പെന്ന നിലയിൽ പുറപ്പെടുവിച്ച സർക്കുലർ നിയമപരമാണെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി അറിയിച്ചു. ഫ്രാൻസിസ് മാർപ്പാപ്പ മാർച്ച് 25ന് നൽകിയ കത്തിലും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന് നൽകിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അന്തിമതീരുമാനമെടുക്കാനുള്ള അധികാരം മേജർ ആർച്ച് ബിഷപ്പിൽ നിക്ഷിപ്തമാണ്. സർക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണെന്ന് കർദ്ദിനാൾ അറിയിച്ചു.