chira
നവീകരിച്ച പൂതൃക്കയിലെ ചേന്നുള്ളി ചിറ

കോലഞ്ചേരി: വരുമോ പൂതൃക്ക ചേന്നുള്ളി ചിറയിലൊരു നീന്തൽ പരിശീലനകേന്ദ്രം. രണ്ടുവർഷം മുമ്പ് ജില്ലാപഞ്ചായത്ത് 32 ലക്ഷം രൂപ മുടക്കി നവീകരിച്ച ചിറയാണിത്. ചു​റ്റും കരിങ്കല്ലുകെട്ടി ചെളി കോരിമാ​റ്റി ആഴംകൂട്ടി മേഖലയിലെ ശുദ്ധജലസ്രോതസിൽ മികച്ചതാക്കി. ചുറ്റുമതിൽ കെട്ടി കുളിപ്പടവുകൾ ഉണ്ടാക്കി. ചിറ നവീകരിച്ചതോടെ ഒട്ടേറെ ആളുകൾ കുളിക്കാനായി എത്തുന്നുണ്ട്. വീണ്ടുമൊരു മദ്ധ്യവേനൽ അവധിക്കാലംകൂടി എത്തിയതോടെ ഇവിടെ നീന്തൽ പരിശീലനകേന്ദ്രം വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

തട്ടേക്കാട് ബോട്ട് ദുരന്തത്തിനുശേഷം സ്‌കൂൾ വിദ്യാർത്ഥികളിൽ നീന്തൽ പരിശീലനത്തിന് സർക്കാർ പ്രോത്സാഹനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പ്ലസ് വൺ പ്രവേശനത്തിന് 2 ബോണസ് പോയിന്റ് നീന്തൽ അറിയാവുന്നവർക്ക് അധികമായി നൽകിവരുന്നുണ്ട്. എന്നാൽ നീന്തൽക്കുളങ്ങളുടെയും പരിശീലനകേന്ദ്രങ്ങളുടെയും അഭാവം കുട്ടികൾക്ക് ഈ പോയിന്റുകൾ നഷ്ടപ്പെടാൻ കാരണമാകുന്നു. ഗ്രാമ പ്രദേശങ്ങളിൽ ചിറകളും കുളങ്ങളും ധാരാളമുള്ളതിനാൽ നീന്തൽ പരിശീലനകേന്ദ്രങ്ങൾ തുടങ്ങാൻ പഞ്ചായത്തുകൾക്ക് എളുപ്പം കഴിയും. പഞ്ചായത്തിൽ ഒരു ജലാശയമെങ്കിലും നീന്തൽ പരിശീലനത്തിനായി ഉപയോഗപ്പെടുത്താനും സാധിക്കും. കുട്ടികൾക്കു ബോണസ് മാർക്കുകൾ നൽകിയതുകൊണ്ടുമാത്രം നീന്തൽ പഠിക്കില്ലെന്നും ഇതിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും വിദ്യാഭ്യാസ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

 പഞ്ചായത്ത് ഭരണ സമിതി മുൻ കൈയെടുക്കണം

ചേന്നുള്ളി ചിറയിലെ നീന്തൽപരിശീലനത്തിന് പഞ്ചായത്ത് ഭരണസമിതിയാണ് മുൻകൈയെടുക്കേണ്ടത്. 2020ൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് തുകയനുവദിച്ചാണ് ചിറ നവീകരിച്ചത്.

ജോർജ് ഇടപ്പരത്തി, ജില്ലാപഞ്ചായത്ത് മുൻ അംഗം