antony-raju

കളമശേരി: സർക്കാർ ഉദ്യോഗസ്ഥർക്ക് സമൂഹത്തോടാകണം കൂറെന്ന് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. 10 ശതമാനം ആളുകൾ ചെയ്യുന്ന തെറ്റിനും അഴിമതിക്കും 90 ശതമാനം പേർ ഉത്തരവാദികളാകേണ്ട അവസ്ഥ സർക്കാരിനും ചീത്തപ്പേരുണ്ടാക്കും. കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ടുമെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 54-ാം സംസ്ഥാന സമ്മേളനം പത്തടിപ്പാലം പി.ഡബ്ളിയു.ഡി റസ്റ്റ്ഹൗസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ സ്പെഷ്യൽ റൂൾസ്, യൂണിഫോം എന്നീ പ്രധാന ആവശ്യങ്ങളിൽ സർക്കാരിന് അനുകൂല നിലപാടാണ്. ജനസംഖ്യയുടെ പകുതി വാഹനങ്ങളുള്ള സംസ്ഥാനമാണ് നമ്മുടെ നാട്. ജനങ്ങളുമായി ബന്ധപ്പെടുന്ന വകുപ്പായതുകൊണ്ട് ആവശ്യങ്ങൾക്കുവേണ്ടി നിരന്തരം ഓഫീസ് കയറി ഇറങ്ങേണ്ട ഗതികേട് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

അസോസിയേഷൻ പ്രസിഡന്റ് ജെബി ഐ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ എസ്.വിനോദ്, അഖിലേന്ത്യാ പ്രസിഡന്റ് അഷ്ഫാഖ്, പൗലോസ്.കെ കോശി, എ.കെ.ശശികുമാർ, ഷാജി മാധവൻ, സമ്പത്ത് കുമാർ, ജിജി ജോർജ്, വി.സജിത്, ടി.ജെ.തോമസ്, പി.ജി ദിനൂപ്, കുര്യൻ ജോൺ, സി.ശ്യാം, എന്നിവർ സംസാരിച്ചു. ജോയിന്റ് ആർ.ടി.ഒ കെ.കെ രാജീവ് പുല്ലാങ്കുഴലിലൂടെ പ്രാർത്ഥന വായിച്ചാണ് ചടങ്ങിന് തുടക്കം കുറിച്ചത്.