vhssmarady
ജീവനം ജീവധനം പദ്ധതി പ്രകാരം ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം ആട്ടിൻകുട്ടികളെ വിതരണം ചെയ്യുന്നു.

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും മറ്റു ക്ലബുകളുടെയും സഹകരണത്തോടെ ജീവനം ജീവധനം പദ്ധതിയുടെ ഭാഗമായി ആട് തോമ, പറവ, ഗപ്പിക്കുളം കാമ്പയിന് തുടക്കം. വിദ്യാർത്ഥികളിൽ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ആട്ടിൻകുട്ടികൾ, പ്രാവുകൾ, അലങ്കാര മത്സ്യക്കുഞ്ഞുങ്ങൾ എന്നിവ സൗജന്യമായി വിതരണം ചെയ്തു. ലോക്ക് ഡൗൺ സമയത്ത് മണ്ണുത്തി വെറ്ററിനറി സർവകലാശാലയുടെയും ഫിഷറീസ് സർവകലാശാലയുടെയും സ്റ്റേറ്റ് എൻ.എസ്.എസ് സെല്ലിന്റെയും സഹകരണത്തിൽ വിദ്യാർത്ഥികൾക്ക് ഇവ വളർത്തുന്നതിന് പരിശീലനം നൽകിയിരുന്നു.

ആട് തോമ കാമ്പയിനിന്റെ ഭാഗമായുള്ള ആട്ടിൻകുട്ടികളുടെ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നൽകിയ ആട് പ്രസവിക്കുമ്പോൾ ആട്ടിൻകുട്ടിയെ അടുത്ത വിദ്യാർത്ഥിക്ക് നൽകുന്ന പദ്ധതിയാണ് ആട് തോമ. മുട്ടനാടാണെങ്കിൽ വളർത്തി ഇറച്ചിക്കായി വിൽക്കുമ്പോൾ ഒരു ആട്ടിൻകുട്ടിയെ വാങ്ങി മറ്റൊരു വിദ്യാർത്ഥിക്ക് നൽകണം. ഇങ്ങനെ സ്കൂളിലെ ഓരോ വിദ്യാർത്ഥിയുടെ വീട്ടിലും ഒരു ആടിനെവീതം വളർത്തണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രോഗ്രാം ഓഫീസർ പി. സമീർ സിദ്ദീഖി പറഞ്ഞു.

പറവ എന്ന കാമ്പയിനിന്റെ ഭാഗമായി മൂവാറ്റുപുഴയിലെ സാമൂഹ്യപ്രവർത്തകൻ സന്തോഷ്‌കുമാർ സ്പോൺസർ ചെയ്ത പ്രാവുകളുടെ വിതരണം നഗരസഭ കൗൺസിലർ ജിനു ആന്റണി നിർവഹിച്ചു. ഗപ്പിക്കുളം കാമ്പയിനിന്റെ ഭാഗമായി അലങ്കാര മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജിജോ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ, പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ എ.എ. അജയൻ തുടങ്ങിയവർ പങ്കെടുത്തു.