കോലഞ്ചേരി: മണ്ണൂർ - പോഞ്ഞാശേരി റോഡുപണി പാതിവഴിയിൽക്കിടക്കുന്നതിൽ പ്രതിഷേധിച്ച് റോഡിലെ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് വ്യാപാരികളുടെ പ്രതിഷേധം. മണ്ണൂർ പടിഞ്ഞാറെകവലയിലെ വ്യാപാരികളാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം കനത്തമഴയിൽ കടകളിലേക്ക് ഇരച്ചുകയറുകയാണ്. കടകളിൽ വിൽക്കാൻ വച്ചിരിക്കുന്ന ഉത്പന്നങ്ങൾ നശിച്ചുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിരവധി തവണ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെങ്കിലും വ്യാപാരികളേയും നാട്ടുകാരേയും അവഹേളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് പരാതി.

മണ്ണൂർകവലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണൂർ യൂണി​റ്റും നാട്ടുകാരും ചേർന്ന് 2019ൽ ഓടനിർമ്മിക്കുന്നതിനായി പണംനൽകി സ്ഥലംവാങ്ങി പൊതുമരാമത്ത് വകുപ്പിന് കൈമാറിയ മൂന്നുവർഷം പിന്നിടുമ്പോഴും ഓടയുടെ പണി എങ്ങുമെത്തിയിട്ടില്ല. മണ്ണൂർ ജംഗ്ഷനിൽ ടാറിംഗ് മാത്രം പൂർത്തിയാക്കി പണി അവസാനിപ്പിക്കാനാണ് നിലവിൽ ഉദ്യോഗസ്ഥരുടെ നീക്കമെന്നാണ് ആരോപണം. ഇവിടെ വ്യാപാരികളുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ നാട്ടുകാർക്കെതിരെ വ്യാജപരാതി നൽകിയിരിക്കുകയാണ് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി ഉണ്ടാകുന്ന നഷ്ടങ്ങൾ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കിത്തരണമെന്ന് വ്യാപാരി വ്യവസായി ഭാരവാഹികളായ വിനോയ് സ്‌കറിയ, ബേസിൽ ജേക്കബ്, കെ.പി. മത്തായി, പി.വൈ. രാജു കെ.വി. പൗലോസ്,അനിൽ കണ്ണോത്ത് എന്നിവർ ആവശ്യപ്പെട്ടു.