crime

കൊച്ചി: പതിനാറ് മണിക്കൂ‌ർ സിറ്റി പൊലീസിനെ തലങ്ങും വിലങ്ങും പായിച്ച 'സ്റ്റേഷൻചാട്ടക്കാർ' പിടിയിലായി. മയക്കുമരുന്ന് വില്പന, കവർച്ച, അടിപിടി കേസുകളിലെ പ്രതികളായ ചേരാനെല്ലൂർ വാരിയത്ത് വീട്ടിൽ അരുൺ സെബാസ്റ്റ്യൻ (22), കച്ചേരിപ്പടി വടക്കുംപറമ്പിൽ ആൻസൻ ഡിക്കോസ (23) എന്നിവരാണ് വെള്ളിയാഴ്ച രാത്രി 11മണിയോടെ ചേരാനെല്ലൂ‌ർ പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ നിന്ന് ഓടിരക്ഷപ്പെട്ടത്. തങ്ങൾക്കെതിരെ കാപ്പ ചുമത്തുന്നതി​നെക്കുറി​ച്ച് ഉദ്യോഗസ്ഥ‌ർ സംസാരിക്കുന്നത് കേട്ടാണ് പിടിച്ചുപറിക്കേസിൽ അറസ്റ്റിലായ പ്രതികൾ മുങ്ങിയത്. മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കാക്കനാട് എൻ.ജി.ഒ ക്വാ‌ർട്ടേഴ്സിന് സമീപത്തു നി​ന്ന് ഇരുവരെയും പി​ടി​കൂടി​.

കൊച്ചി സിറ്റി പൊലീസിന് തലവേദനയായ ഇരുവർക്കുമെതിരെ കാപ്പ ചുമത്താൻ ആറു മാസത്തിനിടെ ഒരു കേസ് വേണമായിരുന്നു. ഇതിനി​ടെയാണ് പിടിച്ചുപറിക്കേസിൽ കുടുങ്ങിയത്. സ്റ്റേഷനിൽ നിന്ന് ഓടിരക്ഷപ്പെട്ടതിന് പുതിയ കേസുകൂടിയെടുത്തതിനാൽ കാപ്പ ചുമത്താൻ തടസമില്ലെന്ന് എറണാകുളം അസി. കമ്മിഷണ‌ർ പറഞ്ഞു.

ചേരാനെല്ലൂ‌ർ കുന്നുംപുറത്തെ ഹോട്ടലിലെ ജീവനക്കാരനും തമിഴ്നാട് സ്വദേശിയുമായ രാകേഷിനെ തടഞ്ഞു നിറുത്തി 500 രൂപ പിടിച്ചുപറിച്ച കേസിലാണ് അരുണും ആൻസനും പിടിയിലായത്. അരുണാണ് ആദ്യം കുടുങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി സെല്ലിൽ പാ‌ർപ്പിച്ചു. അന്ന് രാത്രിയോടെ കൂട്ടുപ്രതി ആൻസനും പിടിയിലായി. പക്ഷേ, അറസ്റ്റ് രേഖപ്പെടുത്താത്തി​നാൽ പുറത്തി​രുത്തി​. ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറിയപ്പോൾ ആൻസൻ സെൽ തുറക്കുകയും നിമിഷനേരം കൊണ്ട് ഇരുവരും ഓടിമറയുകയുമായിരുന്നു.

ചുമതലയിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. കെ.ജി. വിപിൻകുമാർ, എസ്.ഐ. ആർ.എസ്. വിപിൻ, സീനിയർ സി.പി.ഒമാരായ എ.കെ. എൽദോ, സാം ലെസ്ലി, എ.എസ്.ഐ. ജോസഫ് ഈപ്പൻ, സിഗോഷ്, നസീർ, എൻ.എ. അനീഷ്, ഷെമീർ, സി.പി.ഒമാരായ അഖീലേഷ്, ഷെമീർ, വിലാർ നിഥിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.