പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിലെ പാവപ്പെട്ട ജനങ്ങളുടെ വ്യക്തിഗത ആനൂകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി. പഞ്ചായത്തിലെ ഗുണഭോതൃ ലിസ്റ്റിൽപ്പെട്ടവർക്ക് ആട് വളർത്തൽ പദ്ധതിയിലൂടെ ആട് വാങ്ങി ഇൻഷ്വറൻസ് എടുത്ത പേപ്പറുമായി വരുന്നവർക്ക് സബ്സിഡി തുക നൽകുമെന്ന് പഞ്ചായത്തിൽ നിന്ന് അംഗങ്ങൾ മുഖേന അറിയിച്ചിരുന്നു. എന്നാൽ സബ്സിഡി തുക നൽകാൻ പഞ്ചായത്ത് തയ്യാറാകുന്നില്ല. ടോയ്ലറ്റ് അറ്റകുറ്റപ്പണി, എസ്.സി വിഭാഗത്തിലുള്ള വീട് അറ്റകുറ്റപ്പണി, വൃദ്ധരായവർക്ക് കട്ടിൽ തുടങ്ങിയ ഗുണഭോക്തൃ വിഹിതം ഇതുവരെ നൽകിയിട്ടില്ല. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെയും സ്വജനപക്ഷപാതിത്വത്തിനെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നത്.
പഞ്ചായത്ത് ഭരണസമിതിയിൽ പലവട്ടം ആനുകൂല്യങ്ങൾ നൽകുന്നതിനെക്കുറിച്ച് ചോദിച്ചിട്ടും വ്യക്തമായ മറുപടി നൽകാൻ ഭരണസമിതി തയ്യാറാകുന്നില്ലെന്ന് പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകിയ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.കെ. ജമാൽ പറഞ്ഞു. അശമന്നൂർ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്ന് കോൺഗ്രസ് അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി അറിയിച്ചു.