ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. തെരുവ് നായ്ക്കളുടെ വലിയ കൂട്ടമാണ് പലയിടങ്ങളിലും ജനങ്ങള അക്രമിക്കുന്നത്. തെരുവുകളിൽ വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റുമാണ് നായ്ക്കളെ ആകർഷിക്കുന്നത്.
ലോക്ക് ഡൗൺ കാലത്ത് മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം തെരുവ് നായകൾക്ക് ജനങ്ങൾ ഭക്ഷണം നൽകിയിരുന്നു. ഇതേതുടർന്നാണ് നായശല്യമേറിയതെന്നാണ് നാട്ടുകാരുടെ പരാതി. വ്യവസായ മേഖലയിലെ എല്ല്, തോല്, കോഴിയുടെ അവശിഷ്ടം എന്നിവ സംസ്‌കരിക്കുന്ന കമ്പനികളുടെ പരിസരവും ഇവറ്റകളുടെ വിഹാരകേന്ദ്രങ്ങളാണ്.
പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേന വഴി ശേഖരിക്കുന്നുണ്ടെങ്കിലും ജൈവ മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്ന രീതിക്ക് ഒരു കുറവുമുണ്ടാകുന്നില്ല. മഴക്കാലം ആരംഭിക്കുന്നതിനാൽ പകർച്ചവ്യാധികളും വ്യാപിക്കും. വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടങ്ങളും വൃത്തിഹീനവും മാലിന്യങ്ങളുടെ കൂമ്പാരവ്യമാണ്.
വഴിയാത്രക്കാരായ കാൽനടക്കാരും ഇരു ചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം പരീക്ഷക്ക് പോയ വിദ്യാർത്ഥിനിയും മാതാവും തെരുവ് നായ്ക്കളുടെ അകമത്തിൽ പരിക്കേറ്റു.
മാതാവിന് ഗുരുതര പരിക്കാണ് ഏറ്റത്. പ്രഭാതസവാരിക്കാരും തെരുവ് നായ്ക്കളെ ഭയന്ന നിരത്തുകളിൽ നിന്നും ഒഴിയുകയാണ്. തെരുവ് നായ്ക്കളെ പിടിച്ച് കൊല്ലുന്നതിന് പകരമായി വന്ധ്യംകരണം നടത്തുന്ന പദ്ധതി പഞ്ചായത്തുകൾ നടത്തിയിരുന്നു. എന്നാൽ മൂന്ന് വർഷത്തോളമായി ആ പദ്ധതിയും നിലച്ചിരിക്കുകയാണ്. അതുമൂലം നായ്ക്കൾ പെറ്റ് പെരുകിയിരിക്കുകയാണ്. തെരുവ് നായ ശല്യം ഒഴിവാക്കാൻ ആവശ്യമായ എല്ലാ നടപടികളും അടിയന്തിരമായി ബന്ധപ്പെട്ടവർ സ്വീകരിക്കണം.