കൊച്ചി: രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾ വിശ്വാസമർപ്പിക്കുന്ന ബി.ജെ.പിയോട് കേരളത്തിലെ മാദ്ധ്യമങ്ങൾ അയിത്തം കല്പിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു ലീലാമേനോൻ മാദ്ധ്യമ പുരസ്കാരം വിതരണം ചെയ്യുന്ന ചടങ്ങിലാണ് മന്ത്രി മാദ്ധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ചത്.

വ്യക്തിപരമായ രാഷ്‌ട്രീയച്ചായ്‌വും വീക്ഷണങ്ങളും തൊഴിലിനെ ബാധിക്കരുതെന്ന് മുൻതലമുറയിലെ പത്രപ്രവർത്തകർ നിലപാടെടുത്തിരുന്നു. ഇപ്പോഴത്തെ മാദ്ധ്യമപ്രവർത്തകർ തങ്ങളുടെ രാഷ്‌ട്രീയ നിലപാടുകൾ പരസ്യമായി വിളിച്ചുപറയുന്നു. ഇത് ദൗർഭാഗ്യകരമാണ്. ജനപക്ഷത്തു നിന്ന് ഇടപെടുന്നത് ബി.ജെ.പിയാണെങ്കിൽ ആ വാർത്ത കൊടുക്കേണ്ടതില്ല എന്ന വിചിത്രനിലപാടാണ് മാദ്ധ്യമങ്ങളുടേത്. എല്ലാ കാര്യങ്ങളിലും അവർ എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നുമുണ്ട്. ഇത് നിഷ്പക്ഷ മാദ്ധ്യമപ്രവർത്തനമാണോയെന്ന് സ്വയം വിലയിരുത്തണം.

ചെയ്യുന്ന കാര്യമല്ല, ആരു ചെയ്യുന്നു എന്നുനോക്കിയാണ് ഇവിടെ വിമർശനം. എൽ.ഡി.എഫിൽ നിന്നു പോലും എതിർശബ്ദങ്ങൾ ഉയർന്ന സിൽവർലൈനിൽ ജനങ്ങളുടെ അഭിപ്രായം നേരിട്ട് അറിയുന്നതിനായി ഞാൻ നിയമസഭ സ്ഥാനാർത്ഥിയായി മത്സരിച്ച കഴക്കൂട്ടം മണ്ഡലത്തിൽ രണ്ടാഴ്ചയോളം സന്ദർശനം നടത്തിയിരുന്നു. അങ്ങനെയാണ് കരിക്കകത്തെ എൽ.ഡി.എഫ് കൗൺസിലറുടെ വീട്ടിലും കയറിയത്. 'കടക്കൂ പുറത്ത്' എന്ന പ്രതികരണം പ്രതീക്ഷിച്ചാണ് ചെന്നത്. വീട്ടമ്മ മുദ്രാവാക്യം വിളികളുമായി സ്വാഗതം ചെയ്തതോടെ മാദ്ധ്യമങ്ങൾ ഓടിയെത്തി. അന്നത്തെ ദിവസം മുഴുവൻ മാദ്ധ്യമങ്ങൾ ആ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു. ആക്ഷേപഹാസ്യപരിപാടികളിലും സംഭവം ഇടംപിടിച്ചു. ആ വാർഡിൽ ഞാൻ കയറിയ 35 വീടുകളിൽ 34 കുടുംബക്കാരും കെ-റെയിലിന് സ്ഥലം വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞു. എന്നാൽ അതൊന്നും ഒരിടത്തും വാർത്തയായില്ല. പ്രചാരവേലയും മാദ്ധ്യമപ്രവർത്തനവും തമ്മിൽ ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നില്ല. മാദ്ധ്യമങ്ങൾ വിചാരിച്ചാൽ ഒരു രാഷ്‌ട്രീയപ്പാർട്ടിയെ വളർത്താനോ തളർത്താനോ കഴിയില്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിന് ലീലാമേനോൻ പുരസ്കാരം മന്ത്രി സമ്മാനിച്ചു. ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ചടങ്ങിൽ അദ്ധ്യക്ഷനായി. സമഗ്ര സംഭാവനയ്ക്കുള്ള മാദ്ധ്യമപുരസ്കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പി.സുജാതനും സമ്മാനി​ച്ചു. സിറാജ് കാസിം (മാതൃഭൂമി​), എസ്.സന്തോഷ് (ജനം ടി​വി​), എസ്. ശ്രീകാന്ത് (24 ന്യൂസ്) എന്നി​വർക്കും മന്ത്രി​ പുരസ്കാരങ്ങൾ നൽകി​. ഡോ. സെബാസ്റ്റ്യൻ പോൾ, ആർ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.