ആലുവ: കരാട്ടെ പരിശീലനരംഗത്ത് 45വർഷം പൂർത്തിയാക്കിയ കോഷി എ.എസ്. സുരേന്ദ്രകുമാറിന് കരാട്ടെ പരിശീലകർ ആദരം നൽകുന്നു.
കരാട്ടെയിൽ എട്ടാമത് ഡാൻബ്ലാക്ക് ബെൽറ്റുകാരനായ എ.എസ്.എസ്. കുമാർ അമച്വർ കരാട്ടെ ഫെഡറേഷൻ സെക്രട്ടറിയും ഷിട്ടോ - റിയു കരാട്ടെ ഫെഡറേഷൻ അഖിലേന്ത്യാസമിതി അംഗവുമാണ്.
സുരേന്ദ്രകുമാറിനു കീഴിൽ പരിശീലനം നേടിയ 2000 പേർക്ക് ബ്ലാക്ക് ബെൽറ്റ് ലഭിച്ചിട്ടുണ്ട്. അമച്വർ കരാട്ടെ ഫെ‌ഡറേഷൻ റഫറി സെമിനാർ ചൂർണിക്കര പഞ്ചായത്ത് ലൈബ്രറി ഹാളിൽ ഇന്നലെ തുടങ്ങി. ഇതേ വേദിയിലാണ് ഇന്ന് രാവിലെ സുരേന്ദ്രകുമാറിനെ ആദരിക്കുന്നത്
ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, അബ്ദുൾ ഖാദർ, നൗഷാദ് റോയൽ എന്നിവർ പങ്കെടുക്കും.