കൊച്ചി: നഗരത്തിലെ അംഗീകൃത തെരുവു കച്ചവടക്കാരുടെ ഡിവിഷൻ തിരിച്ചുള്ള ലിസ്റ്റ് രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നഗരസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തെരുവു കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരാണ് ഈ നിർദ്ദേശം നൽകിയത്. നഗരസഭ ഇനിയും അംഗീകൃത തെരുവു കച്ചവടക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ അനധികൃത കച്ചവടക്കാരെ കണ്ടെത്താൻ മോണിട്ടറിംഗ് കമ്മിറ്റി ബുദ്ധിമുട്ടു നേരിടുകയാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സിംഗിൾ ബെഞ്ചിൽ അറിയിച്ചിരുന്നു. തുടർന്നാണ് ഇവരുടെ പട്ടിക രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. സമയ ബന്ധിതമായി ഇതു പ്രസിദ്ധീകരിക്കണമെന്നും വീഴ്‌ച വരുത്തരുതെന്നും പറഞ്ഞിട്ടുണ്ട്.
æ അംഗീകൃത സർട്ടിഫിക്കറ്റ് അനിവാര്യം
നഗരത്തിലെ തെരുവുകച്ചവടക്കാരിൽ ചിലർ പരിശോധന സമയത്ത് നഗരസഭ നൽകിയ ഐ.ഡി കാർഡുകൾ മാത്രമാണ് ഹാജരാക്കിയതെന്നും ഇതു പരിശോധനയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും അമിക്കസ് ക്യൂറി അറിയിച്ചു. എന്നാൽ നഗരസഭ നൽകുന്ന സർട്ടിഫിക്കറ്റാണ് വഴിയോരക്കച്ചവടം നിയമസാധുതയുള്ളതാണെന്നതിന് തെളിവെന്നും ഐ.ഡി കാർഡ് മാത്രം പോരെന്നും ഹൈക്കോടതി വ്യക്തമാക്കി. മോണിട്ടറിംഗ് സമിതി ഇവരുടെ വിവരങ്ങൾ ശേഖരിച്ച് അംഗീകൃത കച്ചവടക്കാരുടെ പട്ടികയിലുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
æ സർട്ടിഫിക്കറ്റ് കിട്ടാത്തവർക്ക് ഒരവസരം
നഗരസഭ തയ്യാറാക്കിയ പട്ടികയിലുൾപ്പെട്ടിട്ടും പരിശോധന സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന കാരണത്താൽ ലൈസൻസ് ലഭിക്കാത്തവരുണ്ടെന്ന് ചില ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് ഇത്തരക്കാർ ഏപ്രിൽ 12 നു രാവിലെ 11 ന് പദ്ധതിയുടെ നോഡൽ ഓഫീസറായ നഗരസഭാ ഡെപ്യൂട്ടി സെക്രട്ടറി മുമ്പാകെ ഹാജരാകണമെന്നും ലിസ്റ്റൽ പേരുണ്ടെന്ന് കണ്ടാൽ ഡെപ്യൂട്ടി സെക്രട്ടറി ഇവർക്ക് സർട്ടിഫിക്കറ്റ് നൽകാൻ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
æ ബൈലോ വിവരങ്ങൾ നൽകാൻ രണ്ടു മാസം
വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള സ്കീമിനുവേണ്ടി കൊച്ചി നഗരസഭ തയ്യാറാക്കിയ ബൈലോ അംഗീകരിക്കാൻ സർക്കാർ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു. ഈ വിവരങ്ങൾ നൽകാൻ രണ്ടു മാസം കൂടി സമയം വേണമെന്ന നഗരസഭയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ജൂൺ 30 നകം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.