കൊച്ചി: പ്രഭാത സവാരിക്കിറങ്ങിയ യുവാവിനെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ സ്ഥിരം കുറ്റവാളികളായ നാല് പേ‌ർ പൊലീസ് പിടിയിലായി. പുതുവൈപ്പ് പഞ്ചയിൽ വീട്ടിൽ ജോബി (27), വൈപ്പിൻ തെക്കൻ മാലിപ്പറം കൈതക്കൽ പറമ്പിൽ വീട്ടിൽ നിയാസ് (27), വൈപ്പിൻ വളപ്പിൽ മണിയൻതറ വീട്ടിൽ സനീഷ് (27), പറവൂർ ചിറ്റാറ്റുകര പുത്തൻ വീട്ടിൽ നിഷാദ് (38) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ വാക്ക്‌വേയിലാണ് സംഭവം. എറണാകുളത്ത് പി.എസ്.സി കോച്ചിംഗ് സെന്ററിൽ പഠിക്കാനായി എത്തി പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്ന ഇടുക്കി സ്വദേശി അഭിജിത്തിനെയാണ് മൊബൈൽ ഫോൺ തട്ടിയെടുത്ത് പ്രതികൾ ഭീഷണിപ്പെടുത്തിയത്. അഭിജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു. ഈ സമയത്ത് മോണിംഗ് പട്രോളിംഗ് നടത്തുകയായിരുന്ന സെൻട്രൽ പൊലീസ് ഇവരെ സംശയകരമായ രീതിയിൽ നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്‌പ്പോഴാണ് അഭിജിത്ത് കാര്യം പറഞ്ഞത്. തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളിൽ ജോബിയുടെ പക്കൽ നിന്നും അഭിജിത്തിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തു. മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.