മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിന്റെ സംരക്ഷണ സന്ദേശം നൽകി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഴയ ഫയർ സ്റ്റേഷൻ കടവിന് സമീപം അമ്പത് പേർ പങ്കെടുത്ത ചൂണ്ടയിടൽ മത്സരം നടത്തി . മൂവാറ്റുപുഴയാറിലെ മലിനീകരണം തടയുക,പുഴ സംരക്ഷണത്തിനായി ബോധവത്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ ലയൺസ് ക്ലബ്ബിന്റെ ആദ്യ നടപടിയായി ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചത്. മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയ് മത്തായി ചൂണ്ടയിടൽ മത്സരം ഉദ്ഘാടനം ചെയ്തു . ലയൺസ് ക്ലബ്ബ് അംഗങ്ങൾക്ക് മാത്രമായാണ് മത്സരം സംഘടിപ്പിച്ചത്. ഏറ്റവും കൂടുതൽ മീൻ കിട്ടുന്നവർക്ക് ഒന്നാം സമ്മാനവും, ഏറ്റവും കൂടുതൽ തൂക്കം കിട്ടുന്നവർക്ക് രണ്ടാം സമ്മാനവും, ആദ്യം മീൻ കിട്ടുന്നവർക്ക് മൂന്നാം സമ്മാനവുമുൾപ്പെടെ പത്തോളം സമ്മാനങ്ങളാണ് മത്സര വിജയികൾക്ക് നൽകിയത്.