
''ദൈവവിളിയൊന്നില്ലേ, അതു സത്യമാണ്. അല്ലെങ്കിൽ ഞാനീ നിലയിലെത്തില്ല''. ഗ്രാമി പുരസ്കാരത്തിന്റെ ശോഭയിൽ വയലിനിസ്റ്റ് മനോജ് ജോർജ് ജീവിതം പറഞ്ഞു തുടങ്ങി.
ഒന്നുമല്ലാത്തയിടത്ത് നിന്ന് നേട്ടങ്ങളുടെ ചവിട്ടുപടികൾ ഒന്നൊന്നായി കീഴടക്കിയ ഉയർപ്പിന്റ കഥയാണിത്. ആരെയും തന്റെ സിംഫണിക്ക് മുന്നിൽ പിടിച്ചിരുത്തും പോലെ ചെറുചിരിയോടെ മനോജ് ആ കഥയിലേക്ക് പറഞ്ഞുകയറി.
തുരുത്തിലെ തുടക്കം
തൃശൂർ ജില്ലയിലെ കൊച്ചു ഗ്രാമമായ എൽത്തുരുത്തിൽ ചിറ്റിലപ്പള്ളിയിൽ ജോർജിന്റെയും റോസിയുടെയും മൂന്നാമത്തെ മകനായാണ് ജനനം. സാധാരണ കുടുംബം. പ്രാഥമിക വിദ്യഭ്യാസമെല്ലാം എൽത്തുരുത്തിലെ ലിറ്റൽ ഫ്ലവർ സ്കൂളിൽ. ഏഴാം ക്ലാസിൽ പഠിക്കെ വയലിൻ കമ്പം മനസിൽ കയറിക്കൂടി. ഒളരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ നിന്ന് ഒരിക്കൽ അതിമനോഹരമായ വയലിൻ നാദം കേട്ടു. അതിനു പിന്നാലെ ഓടിയ ഓട്ടം ഇന്നും തുടരുന്നു. ഒളരിയിൽ നിന്ന് തുടങ്ങിയ ജൈത്രയാത്ര പാശ്ചാത്യരാജ്യങ്ങൾ പലതും താണ്ടിക്കഴിഞ്ഞു.
പ്രഗത്ഭനായ വയലിനിസ്റ്റ് ജോൺ ലൂയീസ് പള്ളിയിൽ വയലിൻ വായിക്കുന്നതാണ് അന്ന് കണ്ടത്. ഞാനതിങ്ങിനെ നോക്കിനിന്നു. ഈ കേട്ടിരിപ്പ് പതിവാക്കി. എങ്ങിനെയെങ്കിലും വയലിൻ പഠിച്ചെടുക്കണമെന്നായി ചിന്ത. അന്നത്തെ സാമ്പത്തിക സ്ഥിതിവച്ച് വീട്ടിൽ പറയാൻ പേടിയായിരുന്നു. ഭാരിച്ച ചെലവല്ലേ. ഒരു ദിവസം മടിച്ചുമടിച്ച് ആഗ്രഹം പറഞ്ഞു. ഭക്തിഗാനങ്ങളും നാടക ഗാനങ്ങളും എഴുതുന്ന അപ്പനും സംഗീതം പഠിക്കാതെ നന്നായി പാടുന്ന അമ്മയും ഞെട്ടിച്ചു. മൂത്ത ചേട്ടന്മാർക്കൊപ്പം എന്നേയും വയലിൻ പഠനത്തിന് തൃശൂർ കലാസദനിൽ ചേർത്തു. അതേക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴത്തെ സന്തോഷം ഒന്നുമല്ലെന്ന് തോന്നും ! എറണാകുളത്ത് നിന്ന് 600 രൂപയ്ക്ക് വയലിൻ വാങ്ങി സമ്മാനമായി നൽകി അപ്പൻ വീണ്ടും ഞെട്ടിച്ചു. ലെസ്‌ലി പീറ്റർ സാറായിരുന്നു ഗുരു. എങ്ങിനെയെങ്കിലും പള്ളി ക്വയർ ടീമിൽ കയറിപ്പറ്റാനായി പിന്നീടുള്ള ശ്രമം. അധികം വൈകാതെ അത് സാധിച്ചു. വയലിൻ മാത്രമല്ല, പാടാനും തുടങ്ങി. ഒരു പക്ഷേ, പള്ളിയിൽ നിന്ന് അന്ന് ആ വയലിൻ നാദം കേൾപ്പിച്ചത് കർത്താവ് തന്നെയാകും.
എന്റെ ജീവിത്തിന്റെ ഉയിർപ്പിന് കാരണം ആ വയലിന്റെ മാസ്മരികമായ സ്വരമാണ്.
ഇടയന്റെ കൈപിടിച്ച്
കലാസദനിൽ വച്ചാണ് ആദ്യമായി ഗാനമേളകൾക്ക് പോയിത്തുടങ്ങുന്നത്. ചെറിയ വരുമാനമൊക്കെ കിട്ടിയിരുന്നു. ഒരിക്കൽ വയലിൻ വായിക്കുന്നത് കണ്ട് പരിചയപ്പെട്ട ഒളരി ലിറ്റിൽ ഫ്ലവർ പള്ളിയിലെ വികാരി ഫാ. തോമസ് ചക്കാലമറ്റം പോണ്ടിച്ചേരിയിലേക്ക് ക്ഷണിച്ചു. ജീവിതയാത്രയുടെ ഗതിമാറുന്നത് ഇവിടെ വച്ചാണ്. ഫാദറിന്റെ അദ്ദേഹത്തിന്റെ ബൈക്കിലായിരുന്നു യാത്ര. മറക്കാൻ കഴിയില്ലത്. പോണ്ടിച്ചേരിയിൽ സിസ്റ്റർ മാർഗ്രറ്റയ്ക്ക് കീഴിൽ വയലിൻ ശാസ്ത്രീയമായി പഠിച്ചു. പരീക്ഷകളെഴുതി പാസായി. ബംഗളൂരുവിലേക്കുള്ള പാത അവിടെ നിന്ന് തുറന്നു. വഴികാട്ടിയത് ഫാ. തോമസ് തന്നെ. വയലിനുമായി ബംഗളൂരുവിലെത്തി മ്യൂസിക്ക് സ്കൂളിൽ അദ്ധ്യാപകനായി.
അങ്ങിനെ കറങ്ങി നടക്കേയാണ് റിക്കി കേജിനെ പരിചയപ്പെടുന്നത്. അമേരിക്കയിൽ ജനിച്ചുവളർന്ന റിക്കി പിന്നീട് ജന്മനാട്ടിലേക്ക് തിരിച്ച് വരുന്ന സമയമായിരുന്നു അത്. റിക്കിക്കൊപ്പം സിനിമയും സ്റ്റേജ് ഷോകളും പരസ്യങ്ങളുമായി ജീവിതം പുതുസംഗീതത്തിലേക്ക് പടർന്നുകയറി. ആൽബങ്ങളിലേക്കും മ്യൂസിക് ഷോകളിലേക്കും തിരിഞ്ഞു.

വയലിൻ വഴി ഗ്രാമി
വീണ്ടും ഗ്രാമി അവാർഡിന്റെ ഭാഗമാകുന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ഇത് രണ്ടാമത്തെ തവണയാണ് റിക്കി കേജിന്റെ ആൽബത്തിന് ഗ്രാമി പുരസ്‌കാരം ലഭിക്കുന്നത്. 2015ൽ 'വിൻഡ്‌സ് ഒഫ് സംസാര' എന്ന ആൽബത്തിലൂടെയാണ് ആദ്യ ഗ്രാമി പുരസ്‌കാരം. അന്ന് വയലിനിസ്റ്റ്, സ്ട്രിംഗ് അറേഞ്ച്, കണ്ടക്ടർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് കൈകാര്യം ചെയ്തത്. ഇപ്പോൾ പുരസ്‌കാരം ലഭിച്ച ഡിവൈൻ ടൈഡ്‌സ് എന്ന ആൽബത്തിനും ഈ മൂന്ന് കാര്യങ്ങൾ തന്നെ ചെയ്തു. രണ്ട് വർഷം മുമ്പ് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ്‌സിന്റെ നോമിനേഷൻ ലഭിച്ചിരുന്നു. എൻലൈറ്റൻഡ് സൺറൈസ് എന്ന സംഗീത ആൽബത്തിലെ സ്പാർക്ലിംഗ് സെലബ്രേഷൻസ് എന്ന ട്രാക്കിനായിരുന്നു രാജ്യാന്തര പ്രശസ്തരായ എച്ച്.എം.എം.എമ്മിന്റെ നോമിനേഷൻ. ഐക്യരാഷ്ട്ര സഭയും ലോകാരോഗ്യ സംഘടനയും ചേർന്ന് നാല് വർഷം മുമ്പ് ജനീവയിൽ നടത്തിയ സംഗീതപരിപാടിയിലും മനോജ് വയലിനിൽ തിളങ്ങിയിരുന്നു. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച രാജ്യാന്തര ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായായിരുന്നു സംഗീതപരിപാടി. ചിത്ര, ഹരിഹരൻ തുടങ്ങിയവർക്കൊപ്പം 3,000 വേദികളിൽ വയലിൻ വായിച്ചിട്ടുണ്ട് മനോജ്.
സംഗീതത്തിന്റെ ഖരാക്ഷരം
കുട്ടികളുടെ മികച്ച ചലച്ചിത്രത്തിനുള്ള 2001ലെ ദേശീയ സിനിമാ പുരസ്‌കാരം നേടിയ ഖരാക്ഷരങ്ങളുടെ പശ്ചാത്തലസംഗീതം മനോജിന്റേതായിരുന്നു. ആത്മീയ എന്ന കന്നഡ ചിത്രത്തിലെ പാട്ടുകൾക്കും സംഗീതം പകർന്നു. വാദ്ധ്യാർ എന്ന മലയാള സിനിമയിൽ രണ്ട് പാട്ടുകൾക്ക് പിന്നിലും മനോജുണ്ട്. ഉർവി എന്ന കന്നഡ സിനിമയിലെ ഗാനത്തിന് ചേംബർ ഓർക്കെസ്ട്ര സംഗീതമെന്ന പുതുപരീക്ഷണം നടത്തി. ഇരുപത്തഞ്ചോ മുപ്പതോ പേർ ചേർന്നു വ്യത്യസ്ത സംഗീതോപകരണങ്ങളിലൂടെയൊരുക്കുന്ന ചേംബർ ഓർക്കസ്ട്രയുടെ മധുരിമയാണ് മനോജ് ജോർജ് വയലിനിൽ തീർത്തത്. ചേംബർ ഓർക്കെസ്ട്ര വിഭാഗത്തിൽപ്പെടുന്ന ഫസ്റ്റ് വയലിൻ, സെക്കൻഡ് വയലിൻ, വിയോള, ചെല്ലോ, ഡബിൾ ബേസ് എന്നീ വാദ്യോപകരണങ്ങൾ പൊഴിക്കേണ്ട സംഗീതം വയലിനിൽ സ്വയം ചിട്ടപ്പെടുത്തി മുപ്പതിലേറെ ട്രാക്കൊരുക്കി അത് സാധ്യമാക്കി. ചിത്രയായിരുന്നു ആലാപനം.യുവം സിനിമയുടെ സംവിധായകൻ പിങ്കു പീറ്ററിന്റെ പുതിയ ചിത്രത്തിന്റെ സംഗീതസംവിധാനം മനോജാണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ.
വയലിൻ അംബാസിഡർ
ലോകത്തിലെ ഏറ്റവും മികച്ച വയലിൻ നിർമ്മാതാക്കളായ സ്റ്റെൻഡറിന്റെ ബ്രാൻഡ് അംബാസഡറാണ് ഈ എൽത്തുരുത്തുകാരൻ. അംബാസഡറാക്കിയെന്ന് മാത്രമല്ല, അവരുടെ ഏറ്റവും മികച്ച വയലിൻ സമ്മാനിച്ച് ആദരിക്കുകയും ചെയ്തു. ബ്രിട്ടൻ ആസ്ഥാനമായ സ്റ്റെൻഡർ അവരുടെ 100വർഷ ചരിത്രത്തിലാദ്യമായാണ് ഒരു കലാകാരന് അവരുടെ ബ്രാൻഡ് അംബാസഡർ പദവി സമ്മാനിക്കുന്നത്. നേരത്തെ ജപ്പാനിലെ ഇലക്ട്രോണിക്‌സ് ഉപകരണ നിർമ്മാതാക്കളായ റോളണ്ടിന്റെയും ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായിരുന്നു. ഇറ്റാലിയൻ വയലിൻ നിർമ്മാതാക്കളായ കാന്റിനിയും മനോജിനെ അംബാസഡറാക്കിയിട്ടുണ്ട്. ബംഗളൂരുവിൽ സ്‌കൂൾ ഒഫ് മ്യൂസിക്ക് എന്ന പേരിൽ മനോജ് ജോർജ് അക്കാഡമിയും തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ മനോജിന്റെ ശിഷ്യരായുണ്ട്. വയലിൻ പഠനത്തിന് പുസ്തകവും പുറത്തിറക്കി. മൂന്നാം വോള്യം ഒരുക്കുന്നതിന്റെ തിരക്കിലാണിപ്പോൾ. ഒപ്പം കിഡ്‌സ് വോള്യവും ഇറക്കും. ഭാര്യ സുഷയ്ക്കാണ് സ്കൂളിന്റെ ചുമതലകൾ. നീൽ മനോജ്, നിയ റോസ് മനോജ് എന്നിവർ മക്കൾ. ഇരുവരും വയലിൻ പഠിക്കുന്നുണ്ട്.