
കൊച്ചി: പാർട്ടിയോടുള്ള അടിയുറച്ച കൂറും വിശ്വസ്തതയുമായിരുന്നു എക്കാലത്തും ഉറച്ച നിലപാടുകളെടുത്ത എം.സി.ജോസഫൈന്റെ മുഖമുദ്ര. കർക്കശക്കാരിയെന്ന് മുഖഭാവത്തിൽ തന്നെയുണ്ട്. അപ്രിയ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നതാണ് ശീലം. കുടുംബം പോലും പാർട്ടിയെക്കാൾ വലുതല്ല. പാർട്ടി ഏല്പിക്കുന്ന ദൗത്യം എന്തായാലും ഏറ്റെടുക്കുന്ന ചങ്കൂറ്റം. അതിന്റെ പേരിൽ എന്തു വിവാദം ഉയർന്നാലും കൂസാത്ത ധീരത.
കോളേജ് പഠനകാലത്തു തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടയായ ജോസഫൈന്
പ്രസംഗത്തിൽ പ്രത്യേക വൈഭവമുണ്ടായിരുന്നു. പാരലൽ കോളേജ് അദ്ധ്യാപികയിൽ നിന്നാണ് ജോസഫൈൻ എന്ന രാഷ്ട്രീയ പ്രവർത്തക രൂപപ്പെടുന്നത്. 1970കളുടെ തുടക്കത്തിൽ എം.എ.ജോണിന്റെ നേതൃത്വത്തിൽ പരിവർത്തനവാദി കോൺഗ്രസ് സജീവമായ കാലം. ജോസഫൈനും അതിൽ സജീവമായി. ഒപ്പം പ്രവർത്തിച്ച എ.പി.മത്തായിയെ പിന്നീട് വിവാഹം ചെയ്തു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം പരിവർത്തനവാദി കോൺഗ്രസ് പിരിച്ചുവിടപ്പെട്ടു. വിവാഹിതയായി അങ്കമാലിയിൽ എത്തിയ ജോസഫൈൻ മുതിർന്ന നേതാവ് എ.പി.കുര്യന്റെ ക്ഷണപ്രകാരം മത്തായിക്കൊപ്പം സി.പി.എമ്മിൽ ചേർന്നു. വനിതകൾ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പ്രവർത്തിക്കാൻ മടിച്ചിരുന്ന കാലത്ത് വനിതാ പ്രസ്ഥാനം വികസിപ്പിക്കുന്നതിൽ ശ്രദ്ധേയ പങ്ക് വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വരെയായി. അങ്കമാലി, മട്ടാഞ്ചേരി നിയമസഭാ മണ്ഡലങ്ങളിലും ഇടുക്കി ലോക്‌സഭാ സീറ്റിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നിരവധി തിരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ചു. വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്സണായി അഞ്ചുവർഷം പ്രവർത്തിച്ചു.
പാർട്ടിക്കപ്പുറം യാതൊന്നുമില്ലെന്ന നിലപാടിൽ ഉറച്ചുനിന്നത് ജോസഫൈനെ വിവാദങ്ങളിലുംപെടുത്തി. വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരിക്കെ നടത്തിയ 'പാർട്ടിയാണ് കോടതി'യെന്ന പരാമർശം കടുത്ത വിമർശനത്തിന് കാരണമായെങ്കിലും നിലപാട് മാറ്റാൻ തയ്യാറായില്ല. പിന്നീട് ഫോണിൽ പരാതി കേൾക്കുന്നതിനിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ പാർട്ടി ഇവരോട് രാജി ആവശ്യപ്പെടുകയായിരുന്നു.
മതചിഹ്നങ്ങൾ
ഒഴിവാക്കി വിവാഹം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് എം.സി. ജോസഫൈൻ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. അവിടെ വിദ്യാർത്ഥിയായിരിക്കെ എം.എ. ജോണിന്റെ പരിവർത്തന കോൺഗ്രസിന്റെ പ്രവർത്തകയായി. സംഘടന പിരിച്ചുവിട്ടപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അങ്കമാലി സ്വദേശി പി.എ. മത്തായിക്കൊപ്പം സി.പി.എമ്മിലെത്തി. 1976ൽ ഇരുവരും വിവാഹിതരായി. മതചിഹ്നങ്ങൾ പൂർണമായും ഒഴിവാക്കി അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.രണ്ടുകൊല്ലം മുമ്പ് ഭർത്താവ് പി.എ മത്തായി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹവും വിദ്യാർത്ഥികൾക്ക് പഠിക്കാനായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയിരുന്നു.
1978ലാണ് ജോസഫൈൻ സി.പി.എമ്മിൽ അംഗമായത്. 1984ൽ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റുമായിരുന്നു. 13 വർഷം അങ്കമാലി നഗരസഭ കൗൺസിലറായിരുന്നു. സഹോദരങ്ങൾ: വിറോണി, ആന്റണി, ജോൺസൺ, പരേതരായ ജോസഫ്, വർഗീസ്.