തൃക്കാക്കര: മാലിന്യം കവറിലാക്കി ബൈക്കിലും കാറിലുമെത്തി പൊതുസ്ഥലത്ത് വലിച്ചെറിയുന്നവർക്കെതിരെ നഗരസഭ സ്ഥാപിച്ച എ.ഐ കാമറ പണിതുടങ്ങി. നഗരസഭയ്ക്ക് സമീപം സ്ഥാപിച്ച കാമറയിൽ രണ്ടുപേർ കുടുങ്ങി. വെള്ളിയാഴ്ച പുലർച്ചെ ആറുമണിക്കും ഏഴരയ്ക്കും നഗരസഭയ്ക്ക് സമീപം മാലിന്യം നിക്ഷേപിക്കാനെത്തിയവരാണ് കാമറക്കണ്ണുകളിൽ കുടുങ്ങിയത്. ഒരാൾ ഇരുചക്ര വാഹനത്തിൽ എത്തി മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിനിയുടെ പേരിലുള്ള വാഹനമാണെന്നാണ് സൂചന. കാക്കനാട് മാവേലിപുരം ഭാഗത്തിനിന്നും കാൽനടയായി വന്ന് മാലിന്യം തള്ളിയ ആളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
ഇൻഫോപാർക്ക്, ചിറ്റേത്തുകര വ്യവസായ മേഖല, കുന്നുംപുറം, തുതിയൂർ, ജഡ്ജിമുക്ക്, ചെമ്പ്മുക്ക്, തെങ്ങോട്, കുഴിക്കാട്ട്മൂല തുടങ്ങിയ പത്ത് സ്ഥലങ്ങളിലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി പറഞ്ഞു. വാഹനങ്ങളിൽ മാലിന്യം തള്ളുന്നത് കണ്ടെത്തിയാൽ മോട്ടോർ വാഹനവകുപ്പിന്റെ സഹായത്തോടെ നടപടികൾ സ്വീകരിക്കും. ഒരുമാസം മുമ്പ് പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 25,000 രൂപ പിഴ ഈടാക്കിയിരുന്നു.