
അങ്കമാലി : മരുമകളായി എത്തി അങ്കമാലിക്ക് പ്രിയങ്കരിയായി മാറിയ എം.സി ജോസഫൈന്റെ അപ്രതീക്ഷിത
വിയോഗം നാട്ടുകാർക്ക് തീരാദു:ഖമായി. അടിയന്തരാവസ്ഥക്കാലത്ത് പള്ളിപ്പാട്ട് പി.എ മത്തായിയുടെ ജീവിതസഖിയായാണ് വൈപ്പിൻ സ്വദേശിനിയായ ജോസഫൈൻ അങ്കമാലിയിലേക്ക് വരുന്നത്. എ.പി കുര്യനോടുള്ള അടുപ്പം ഇരുവരെയും സി.പി.എമ്മിലേക്കെത്തിച്ചു. സ്ത്രീകൾക്കിടയിൽ ഏറെ സ്വീകാര്യയായ ജോസഫൈന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. അങ്ങാടിക്കടവ് ബ്രാഞ്ചംഗമായി തുടങ്ങി കേന്ദ്ര കമ്മിറ്റിയംഗം വരെയെത്തിയ സംഘടനാ ജീവിതം. യാഥാസ്ഥിതിക ക്രിസ്ത്യൻ പശ്ചാത്തലത്തിൽനിന്ന് വന്ന അവർ മതപരമായ കെട്ടുപാടുകൾ പൊട്ടിച്ചാണ് പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ ആശയങ്ങളെ ഉൾക്കൊണ്ടത്. മരണത്തിലും മാറ്റമൊന്നുമുണ്ടായില്ല. അങ്കമാലി സി.എസ്.എയിൽ പരസ്പരം പൂമാല ഇട്ടുകൊണ്ടുള്ള ലളിതമായ വിവാഹ ചടങ്ങ് ഇന്നും സുഹൃത്തുക്കളുടെ ഓർമയിലുണ്ട്. അതേ ഹാളാണ് ചേതനയറ്റ ജോസഫൈന്റെ പൊതുദർശനത്തിനും വേദിയാകുന്നത്.
എന്നും കണിശതയുള്ള സ്ത്രീപക്ഷവാദിയായിരുന്നു ജോസഫൈൻ. സ്ത്രീപക്ഷ ചിന്ത പരാമർശിക്കാതെ ജോസഫൈന്റെ ഒരു പ്രസംഗവും കടന്നുപോയിട്ടില്ല. അങ്കമാലിയിലെ ഏത് ചെറിയ പരിപാടിക്കു വിളിച്ചാലും ഒരു മടിയും കൂടാതെ പങ്കെടുക്കുന്നയാളാണ് ജോസഫൈൻ. വ്യക്തിപരമായ ഏത് അഭിപ്രായ വ്യത്യാസത്തിലും പാർട്ടിയായിരുന്നു അവർക്ക് വലുത്. വിപുലമായ വായനാശീലമാണ് ജോസഫൈന്റെ മറ്റൊരു പ്രത്യേകത.