
ആലുവ: ദേശീയ പാതയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസിൽ കായംകുളം പൊള്ളിക്കണക്ക് കണ്ടശേരി പടിയിട്ടതിൽ അൻസാബി (മാളു - 27) നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് ഈ കേസുമായി ബന്ധപ്പെട്ട് അരുൺ അജിത് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. മങ്കടയിൽ ഒളിവിൽ കഴിയുകയായിരുന്ന അൻസാബിനെ സാഹസികമായാണ് പിടികൂടിയത്. ഇരുപതോളം കവർച്ചക്കേസുകളും വധശ്രമവും ഉൾപ്പെടെ 26 കേസുകളിലെ പ്രതിയാണ് ഇയാൾ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. 2021ൽ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു.
കഴിഞ്ഞ 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കാറിൽ പതിനഞ്ച് ചാക്കോളം ഹാൻസ് ആയിരുന്നുവെന്നാണ് സൂചന. ബാംഗ്ലൂരിൽ നിന്ന് മൊത്തമായി വാങ്ങി ആലുവയിൽ വിൽപ്പനയ്ക്ക് എത്തിച്ചപ്പോഴാണ് സംഘം തട്ടിക്കൊണ്ട് പോയത്.
കാർ വർക്കലയിലെ റിസോർട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.