കൊച്ചി: ഓശാന ഞായർ ദിനമായ ഇന്നലെ മുതൽ പരിഷ്‌കരിച്ച കുർബാന അർപ്പിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെയും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെയും നിർദ്ദേശം അനുസരിച്ചത് നാല് ദേവാലയങ്ങൾ മാത്രം. കർദ്ദിനാൾ പങ്കെടുത്ത കുർബാനയിൽ അതിരൂപത ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ പങ്കെടുത്തില്ല.

തോട്ടുവ, പ്രസന്നപുരം, മറ്റൂർ, യൂണിവേഴ്സിറ്റി ഇടവക പള്ളികളിൽ മാത്രമാണ് പരിഷ്‌കരിച്ച കുർബാന അർപ്പിച്ചത്. അതിരൂപതയിൽ 340 ഇടവക പള്ളികളും സ്ഥാപനങ്ങളും കോൺവെന്റുകളും ഉൾപ്പെടെ 420 ഇടങ്ങളിലാണ് കുർബാന അർപ്പിച്ചത്.

ബിഷപ്പ് ഹൗസിനോട് ചേർന്ന ബസലിക്ക കത്തീഡ്രൽ പള്ളയിൽ പൊലീസ് സുരക്ഷയിൽ കർദിനാൾ ജോർജ് ആലഞ്ചേരി പരിഷ്‌കരിച്ച അർപ്പിച്ചു. കർദ്ദിനാളിനൊപ്പം പങ്കെടുക്കുമെന്ന് അതിരൂപത അറിയിച്ചിരുന്ന ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ കുർബാനയിൽ നിന്ന് വിട്ടുനിന്നു. ബസലിക്കയിൽ പിന്നീട് നടന്ന മൂന്ന് കുർബാനയും ജനഭിമുഖമായിരുന്നു. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷയും തഹസിൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥരും അടിയന്തര സാഹചര്യം നേരിടാൻ സ്ഥലത്തെത്തിയിരുന്നു.

ബിഷപ്പ് ഹൗസിലുണ്ടായിരുന്നെങ്കിലും കർദ്ദിനാളിനൊപ്പം കുർബാനയിൽ പങ്കെടുക്കാതിരുന്ന ആന്റണി കരിയിലിനെയും ജനാഭിമുഖ കുർബാനയിൽ ഉറച്ചുനിന്ന വൈദികരെയും അൽമായ മുന്നേറ്റം അതിരൂപത സമിതി യോഗം അഭിനന്ദിച്ചു. കൺവീനർ ബിനു ജോൺ, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ, ജോമോൻ തോട്ടാപ്പിള്ളി, പ്രകാശ് പി. ജോൺ, നിമ്മി ആന്റണി എന്നിവർ പ്രസംഗിച്ചു.