കൊച്ചി: രാത്രി ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച് മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇരട്ടസഹോദരങ്ങൾ പൊലീസ് പിടിയിലായി. കൊച്ചി സി.പി. ഉമ്മൻ റോഡിൽ കരിത്തലപ്പറമ്പ് വീട്ടിൽ ആർ. രാകേഷ് (18), ആർ. രാഹുൽ (18) എന്നിവരാണ് പിടിയിലായത്. മലപ്പുറം സ്വദേശിയും എറണാകുളത്ത് ഇലക്ട്രോണിക്‌സ് ഷോപ്പിലെ ജീവനക്കാരനുമായ യുവാവിന്റെ മൊബൈലാണ് പിടിച്ചുപറിച്ചത്. കേസിൽ മട്ടാഞ്ചേരി ചെറളായി കൂരിക്കുഴിപറമ്പിൽ വീട്ടിൽ അസ്‌കർ കെ.എസിനെ അന്ന് തന്നെ പിടികൂടിയിരുന്നു. ഈ മാസം 5ന് രാത്രി 12മണിയോടെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു അതിക്രമം. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.