vellary

കോലഞ്ചേരി: രണ്ട് വർഷമായി കൊവിഡെടുത്ത വിഷുവിന്റെ വരവറിയിച്ച് മേഖലയിലെ സ്വാശ്രയ പച്ചക്കറി വിപണികളിൽ കണിവെള്ളരിയുടെ ആവേശകരമായ ലേലം നടന്നു. മഴുവന്നൂർ, തിരുവാണിയൂർ വിപണികളിലായി 10 ടണ്ണോളം വെള്ളരി ലേലമാണ് നടന്നത്. കിലോ 25 രൂപ വരെ കർഷകർക്ക് ലഭിച്ചു. മുൻ വർഷങ്ങളിൽ കൊവിഡ് കാലത്തെ കൃഷി വൻ നഷ്ടത്തിൽ പോയ കർഷകർക്ക് ഇക്കുറി ആശ്വാസമായിട്ടുണ്ട്.

വിഷുവിന് മലയാളികൾക്ക് ഏറെ പ്രധാനമാണ് കണി വെള്ളരി. മൂന്നു മാസമാണ് വെള്ളരിയുടെ വിളവെടുപ്പിന് സമയം. അതു കൊണ്ടു തന്നെ കുറഞ്ഞ ചിലവിൽ ചെയ്യാവുന്നതാണ് ഈ കൃഷി. കോലഞ്ചേരി മേഖലയിൽ പൂർണ്ണമായും ജൈവകൃഷിയാണ് വെള്ളരിയ്ക്കായി നടത്തുന്നത്. എറണാകുളം, ആലപ്പുഴ മേഖലയിലെ വ്യാപാരികളാണ് പ്രധാനമായും ലേലത്തിൽ പങ്കെടുത്തത്. വിഷു കഴിയുമ്പോൾ വെള്ളരി വില കുറയുകയാണ് പതിവ്. ഇക്കുറി തമിഴ്നാടനേക്കാൾ വില നാടൻ പച്ചക്കറിക്ക് ലഭിക്കുന്നുണ്ട്. ഇത് തുടരുമാന്നാണ് പ്രതീക്ഷ. മുൻ വഷങ്ങളിൽ കാലാവസ്ഥ വ്യതിയാനമടക്കം കൃഷികളിലുണ്ടായ നഷ്ടം ഏറെക്കുറെ പരിഹരിക്കാവുന്ന തരത്തിൽ വില പച്ചക്കറികൾക്ക് ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ വാഴകൾക്കുണ്ടായ നാശമൊഴിച്ചാൽ ഇക്കുറി കൃഷി കാര്യമായ നഷ്ടത്തിലേക്ക് പോയില്ലെന്നതാണ് കർഷർകർക്ക് ഏറെ ആശ്വാസം.