
കുറുപ്പംപടി: കുറുപ്പംപടി - കുറിച്ചിലക്കോട് റോഡിൽ ഐമുറി കനാൽബണ്ട് ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് 25 അടി താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞ് പെരുമ്പാവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കറുപ്പംപടി മൂത്തേടം വീട്ടിൽ രാജു ജേക്കബ് (52) മരിച്ചു.
കനാലിനു കുറുകെ കലുങ്കുപണി കഴിഞ്ഞപ്പോൾ പൊളിച്ചിട്ടിരുന്ന ഭാഗത്താണ് ബൈക്ക് നിയന്ത്രണം വിട്ടത്. ഇന്നലെ രാവിലെ 7 മണിയോടെ മലയാറ്റൂർ പള്ളിയിൽ ഡ്യൂട്ടിക്കു പോകുന്നതിനിടെയാണ് അപകടം. ബൈക്കിൽ നിന്ന് പത്തു മീറ്ററോളം തെറിച്ചുമാറിയാണ് രാജു വീണത്. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് സാരമായി പരിക്കേറ്റു. കനാലിൽ നീരൊഴുക്കില്ലാത്ത സമയമായിരുന്നു.
നാട്ടുകാർ ഉടൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോടനാട് പൊലീസ് കേസെടുത്തു. പരേതനായ ജേക്കബിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: ബിജി, മക്കൾ: വിദ്യാർത്ഥികളായ അജിൽ രാജു (കുറുപ്പംപടി എം.ജി.എം സ്കൂൾ), അൽന രാജു (കുറുപ്പംപടി സെന്റ് മേരീസ് സ്കൂൾ). സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.