
പെരുമ്പാവൂർ: രാജസ്ഥാനിൽ നടന്ന ഓൾ ഇന്ത്യ സബ് ജൂനിയർ സെപക്താക്രോ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി തിളങ്ങി അശ്വിൻ സായി നാരായണനും ഡാൽവിൻ ദേവസിക്കുട്ടിയും. ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. ചാമ്പ്യൻഷിപ്പിൽ കേരള ടീം ബ്രൗൺസ് മെഡൽ നേടിയിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ ഡൽഹി, ഒഡീഷ്യ, ഗോവ, വെസ്റ്റ് ബംഗാൾ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തിയാണ് കേരള ടീം സെമിഫൈനലിൽ പ്രവേശിച്ചത്.
സെമിഫൈനലിൽ മികച്ച പ്രകടനത്തിനൊടുവിലാണ് പരാജയപ്പെട്ടത്. താന്നിപ്പുഴ അമ്പലപ്പാടൻ വീട്ടിൽ എ.എൻ. ജയാനന്ദന്റെയും പ്രസന്നയുടെയും മകനാണ് അശ്വിൻ സായി നാരായണൻ. ഒക്കൽ ആലക്കാടൻ വീട്ടിൽ ദേവസിക്കുട്ടിയുടെയും മിനിയുടെയും മകനാണ് ഡാൽവിൻ. ഇരുവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചതെന്ന് സ്‌കൂളിലെ കായികാദ്ധ്യാപകനും പരിശീലകനുമായ എം.എസ്. പ്രീത് പറഞ്ഞു. നാടിന് അഭിമാനമായ ഇരുവർക്കും ഒക്കൽ പീക്കോക്‌സ് സ്‌പോർട്‌സ് ക്ളബിന്റെയും സ്‌കൂളിന്റെയും നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചു.