കൊച്ചി: എറണാകുളം മുളവുകാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയായ പീഡനക്കേസിൽ സമഗ്രാന്വേഷണം തുടങ്ങി. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

ഇതേ യുവതിയുടെ പരാതിയിൽ നേരത്തെ മറ്റൊരു പൊലീസുകാരനും നടപടി നേരിട്ടിരുന്നു. ഈ കേസ് പിന്നീട് വൻതുക ഈടാക്കി ഒത്തുതീർപ്പാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് വിശദ അന്വേഷണത്തിന് കൊച്ചി സിറ്റി പൊലീസ് തീരുമാനിച്ചത്.

പാലാരിവട്ടത്തെ വാടകവീട്ടിൽവച്ച് പീഡിപ്പിച്ചെന്ന് കാട്ടി കഴിഞ്ഞദിവസം ചേരാനെല്ലൂർ സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നൽകിയത്. തുടർന്ന് പൊലീസുകാരനെതിരെ കേസെടുത്തു. കേസന്വേഷണം പാലാരിവട്ടം സ്റ്റേഷനിലേക്ക് കൈമാറും. പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതലത്തിലും നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു.